
വാഷിങ്ടൺ: മാസങ്ങൾ നീണ്ട സ്തംഭനത്തിന് ശേഷം, ഉക്രെയ്നിനും ഇസ്രയേലിനും മറ്റ് സഖ്യകക്ഷികകൾക്കും 61 മില്യൺ ഡോളറിലധികം മൂല്യമുള്ള സൈനിക സഹായം നൽകാനുള്ള ബില്ലിന് അംഗീകാരം നൽകി യുഎസ് ജനപ്രതിനിധി സഭ.
ഉഭയകക്ഷി വോട്ടെടുപ്പിൽ 210 ഡെമോക്രാറ്റുകളും 101 റിപ്പബ്ലിക്കൻമാരും ഉക്രെയ്‌നെ പിന്തുണച്ചു. 112 റിപ്പബ്ലിക്കൻമാർ ഉൾപ്പെടുന്ന ഭൂരിപക്ഷം GOP അംഗങ്ങളും ബില്ലിന് എതിരായി വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ സ്പീക്കറായ മൈക്ക് ജോൺസൺ സ്വന്തം പാർട്ടിക്കുള്ളിലെ കടുത്ത എതിർപ്പിനെ അഭിമുഖീകരിച്ച് നിരവധി ബില്ലുകൾ അംഗീകരിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചത്.
ഉക്രെയ്നിന് 6080 കോടി ഡോളറും ഇസ്രായേലിന് 2640 കോടി ഡോളറും തായ്‍വാൻ അടക്കം ഇന്തോ-പസഫിക് മേഖലയിൽ 810 കോടി ഡോളറും സൈനിക സഹായം അനുവദിക്കുന്നതാണ് കരാർ. ഓരോ രാജ്യത്തിനുമുള്ള സഹായവുമായി ബന്ധപ്പെട്ട് പ്രതിനിധി സഭയിൽ വെവ്വേറെ വോട്ടിങ് നടക്കും. ഒപ്പം, ടിക് ടോക് നിരോധനവുമായി ബന്ധപ്പെട്ട് ബൈറ്റ് ഡാൻസിനെതിരായ നീക്കവും റഷ്യ, ഇറാൻ, ചൈന എന്നിവക്കെതിരെ കൂടുതൽ ഉപരോധങ്ങളും സഭയിൽ പരിഗണനക്ക് വരും.
പ്രതിനിധി സഭ അംഗീകാരം നൽകുന്ന തീരുമാനങ്ങൾ അടുത്ത ഘട്ടത്തിൽ സെനറ്റും അംഗീകരിക്കണം. അടുത്ത ചൊവ്വാഴ്ച സെനറ്റിന്റെ തീരുമാനമറിയാം. അന്തിമ തീരുമാനമാകുന്നതോടെ നിയമത്തിൽ പ്രസിഡന്റ് ബൈഡൻ ഒപ്പിടും. റഷ്യൻ അധിനിവേശം രണ്ടു വർഷം പിന്നിട്ട ഉക്രെയ്നിൽ കൂടുതൽ സഹായത്തിന് സഭാംഗങ്ങൾ അംഗീകാരം നൽകില്ലെന്നാണ് പ്രാഥമിക സൂചന. ഇസ്രയേലിന് സൈനിക സഹായം നൽകുന്നതിനോടും ചില ലിബറലുകൾ എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. ഗാസയിലെ വംശഹത്യയിൽ ഇനിയും യുഎസ് സർക്കാർ പങ്കാളിത്തം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇടത് അനുകൂല ഡെമോക്രാറ്റുകളും പറയുന്നു.