‘ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഎസ് ശ്രമം’; ​ഗുരുതരമായ ആരോപണവുമായി റഷ്യ

ദില്ലി: അമേരിക്കയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റഷ്യ രം​ഗത്ത്. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യു.എസ് ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു. ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തിൽ യു.എസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യയുടെ ​ഗുരുതര ആരോപണം. ഇന്ത്യയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെയാണ് യുഎസ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവ പറഞ്ഞു. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അസന്തുലിതമാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് അനാവശ്യമായി ഇടപെടുകയാണെന്നും റഷ്യ ആരോപിച്ചു.

യു.എസ് സ്റ്റേറ്റ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് വിമർശനമുണ്ടായിരുന്നു. ഇന്ത്യയും ഈ റിപ്പോർട്ടിനെതിരെ രംഗത്തു വന്നിരുന്നു. നേരത്തെ വിദേശികളോടുള്ള വെറുപ്പും ഭയവും ( സീനോഫോബിയ ) ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടയിടുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

നവംബറിലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബൈഡൻ എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പരോക്ഷമായി മറുപടി നൽകുകയായിരുന്നു. കുടിയേറ്റ വിരുദ്ധ സമീപനമാണ് മുൻ പ്രസിഡന്റ് കൂടിയായ ട്രംപിനുള്ളത്. അധികാരത്തിലെത്തിയാൽ കുടിയേറ്റം നിയന്ത്രിക്കുമെന്നും അനധികൃത കുടിയേറ്റം തടയുമെന്നുമാണ് ട്രംപിന്റെ വാഗ്‌ദാനം.

US intervenes India general election, russia alleges