ന്യൂയോർക്ക്: യുദ്ധത്തിൽ തകർന്ന യുക്രൈന് ബൈഡൻ ഭരണകൂടം ‘അചഞ്ചലമായ പിന്തുണ’ പ്രഖ്യാപിച്ചു. യുക്രൈനായി 375 മില്യൺ ഡോളറിൻ്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈഡൻ സർക്കാർ പിന്തുണ ഒന്നുകൂടി വ്യക്തമാക്കിയത്. സമീപകാലത്തെ സഹായങ്ങളിൽ ഏറ്റവും വലിയ സഹായ പാക്കേജാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പീരങ്കി വെടിമരുന്ന്, വ്യോമ പ്രതിരോധം, ടാങ്ക് വിരുദ്ധ മിസൈലുകൾ, മറ്റു നിർണായക ആയുധങ്ങളും ഉപകരണങ്ങളും എന്നിവ ഉൾപ്പെടുന്ന പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
പ്രസിഡൻ്റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളും നേരത്തെ യുക്രൈൻ്റെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു. ‘ഭാവിയിൽ, യുദ്ധത്തിലും സമാധാനത്തിലും’ പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ് സംയുക്ത പ്രഖ്യാപനം. യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കി യുഎൻ ജനറൽ അസംബ്ലിക്കും വൈറ്റ് ഹൗസുമായുള്ള കൂടിക്കാഴ്ചയ്‌ക്കുമായി യു.എസ് സന്ദർശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.
അതേസമയം സെലെൻസ്‌കി വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അവിടെ അദ്ദേഹം ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും കാണും. ഇരുവരുമായുള്ള കൂടിക്കാഴ്ച്ചകളിൽ റഷ്യയെ പരാജയപ്പെടുത്താനുള്ള തൻ്റെ ‘വിജയ പദ്ധതി’ അനാവരണം ചെയ്യുമെന്ന് സെലെൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയ്ക്കുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യുഎസ് നിർമ്മിത ലോംഗ് റേഞ്ച് മിസൈലുകൾ ഉപയോഗിക്കാനുള്ള ദീർഘകാല അഭ്യർത്ഥനയടക്കം പദ്ധതിയിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. ഇത് ബൈഡൻ ഭരണകൂടം ആവർത്തിച്ച് നിരസിച്ചിട്ടുള്ളതാണ്.