2023-ൽ ഇന്ത്യക്കാർക്കായി യുഎസ് അനുവദിച്ചത് 1.4 ദശലക്ഷം വീസകൾ. എക്കാലത്തെയും ഉയർന്ന കണക്കാണിത്. 2022 നെ അപേക്ഷിച്ച് 60 ശതമാനം വർധനവുണ്ടായതായും യുഎസ് എംബസി അറിയിച്ചു. 2023-ൽ ലോകമെമ്പാടുമുള്ള യുഎസ് വീസ അപേക്ഷകരിൽ പത്തിലൊന്ന് ഇന്ത്യക്കാരാണ്. എല്ലാ വീസ ക്ലാസുകളിലും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ മുൻപില്ലാത്ത വിധം ഉയർന്നതായിരുന്നുവെന്നും ഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു.
2023-ൽ 1,40,000 സ്റ്റുഡൻ്റ് വീസകൾ അനുവദിച്ചു. മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന സംഖ്യയാണത്. തുടർച്ചയായ മൂന്നാം വർഷമാണ് യുഎസ് ഇത്രയുമധികം വിദ്യാർഥി വിസകൾ അനുവദിക്കുന്നത്. യുഎസിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.
സന്ദർശക വീസ അപേക്ഷകൾ (B1/B2) ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ എണ്ണമാണ് ലഭിച്ചത്. 700,000-ൽ കൂടുതൽ സന്ദർശക വീസ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇന്ത്യക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 3.8 ലക്ഷത്തിലധികം തൊഴിൽ വീസകൾ 2023-ൽ പ്രോസസ് ചെയ്തു.
ഈ വർഷം ആദ്യം മുംബൈയിൽ ജീവനക്കാരുടെ എണ്ണം കൂട്ടിയും നൂതന സാങ്കേതിക പരിഹാരങ്ങൾ ഉപയോഗിച്ചുമാണ് യുഎസ് എംബസിയും കോൺസുലേറ്റുകളും വിസ പ്രോസസിങ് വേഗത്തിലാക്കിയതെന്നും യുഎസ് എംബസി പറഞ്ഞു.
US Issued record 1.4 million visas to Indians in 2023