ന്യൂയോർക്കിലെ കോടതി ബുധനാഴ്ച ജുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെ 45 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. മാർച്ചിൽ യുഎസിലേക്ക് നൂറുകണക്കിന് ടൺ കൊക്കെയ്ൻ കടത്താൻ കാർട്ടലുകളെ സഹായിച്ചതിനാണ് ഹോണ്ടുറാസ് മുൻ പ്രസിഡൻ്റ് ശിക്ഷിക്കപ്പെട്ടത്.
ജയിൽ ശിക്ഷയ്ക്ക് പുറമെ 8 ദശലക്ഷം ഡോളർ (ഏകദേശം 7.5 ദശലക്ഷം യൂറോ) പിഴയും അടയ്ക്കണം. മുൻ പ്രസിഡന്റിന് ജീവപര്യന്തം ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.
അധികാരം കയ്യിലുണ്ടെങ്കിൽ തങ്ങൾ ചെയ്യുന്ന എല്ലാ തെറ്റിൽ നിന്നും രക്ഷപ്പെടാം എന്നു കരുതുന്ന വിദ്യാസമ്പന്നരും നന്നായി വസ്ത്രം ധരിച്ച് ജീവിക്കുന്നവരുമായ എല്ലാ ആളുകൾക്കുമുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന് ജഡ്ജി പി. കെവിൻ കാസ്റ്റൽ പറഞ്ഞു.
“ഞാൻ നിരപരാധിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. അന്യായമായാണ് എന്നെ ശിക്ഷിക്കുന്നത്,” ബുധനാഴ്ച കോടതി ഹെർണാണ്ടസ് പറഞ്ഞു. ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും ഹോണ്ടുറാസിൽ മയക്കു മരുന്നുപയോഗിച്ച് മരണമടഞ്ഞ ആളുകളുടെ ചിത്രങ്ങളുമായി ബുധനാഴ്ച ന്യൂയോർക്ക് കോടതിക്ക് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടി.