വാഷിങ്ടൺ: ഓൺലൈൻ തിരച്ചിലിൽ നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിച്ചെന്നാരോപിച്ച് ഗൂഗിളിനുമേൽ യു.എസ്. സർക്കാർ പിടിമുറുക്കുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ജനപ്രിയ വെബ് ബ്രൗസറായ ക്രോം വിൽക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനെ യു.എസ്. നീതിന്യായവകുപ്പ് നിർബന്ധിക്കുകയാണ്.
ആഗോളബ്രൗസർ വിപണിയുടെ മൂന്നിൽ രണ്ടുഭാഗവും ഗൂഗിൾ ക്രോമാണ് കൈയടക്കിവെച്ചിരിക്കുന്നത്. യു.എസിലെസേർച്ച് വിപണിയിലും 61 ശതമാനം ആധിപത്യംപുലർത്തുന്നു. ഗൂഗിളിന്റെ പരസ്യവരുമാനത്തിൽ ക്രോമിന്റെ സ്വാധീനം നിർണായകമാണ്. ബ്രൗസറിലൂടെ ആളുകൾ തിരച്ചിൽ നടത്തുന്നതും പരസ്യങ്ങൾ കാണുന്നത് നിയന്ത്രിക്കുന്നതും ക്രോമാണ്
ഗൂഗിൾ വികസിപ്പിച്ച ഓപ്പൺ സോഴ്സ് വെബ് ബ്രൗസറായ ക്രോമും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമുൾപ്പെടെയുള്ള സങ്കേതങ്ങൾ വിൽക്കുന്ന കാര്യം ആൽഫബെറ്റിനോടാവശ്യപ്പെടാൻ ജഡ്ജി അമിത് മേത്തയ്ക്ക് നീതിന്യായവകുപ്പ് നിർദേശം നൽകിയേക്കും. ഓൺലൈൻ തിരച്ചിലിൽ ഗൂഗിൾ നിയമവിരുദ്ധമായി കുത്തക നിലനിർത്താൻ ശ്രമിക്കുന്നെന്ന് ഇതേ ജഡ്ജി ഓഗസ്റ്റിൽ വിധിച്ചിരുന്നു. ഗൂഗിളിന്റെ നിർമിതബുദ്ധിസങ്കേതങ്ങളുമായും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായും ബന്ധപ്പെട്ട് നടപടികളെടുക്കണമെന്നാണ് ബുധനാഴ്ച വകുപ്പ് ജഡ്ജിയോടാവശ്യപ്പെടുക.
ഗൂഗിളിന് ഡേറ്റാ ലൈസൻസിങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടേക്കും. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്താണ് ഗൂഗിളിന്റെ പേരിൽ കേസ് രജിസ്റ്റർചെയ്തത്. അതേസമയം, കൂടുതൽ മത്സരാധിഷ്ഠിത വിപണി ഒരുക്കാനായാൽ പിന്നീട് വിൽപ്പന ആവശ്യമാണോ എന്നകാര്യം സർക്കാർ തീരുമാനിച്ചേക്കും.
US Justice Department cracks down on Google demands to sell Chrome