ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിൽ, ആസ്തിയിൽ 40 ശതമാനവും കൈവശം, ഇന്ത്യക്കും വൻ മുന്നേറ്റം

വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് അമേരിക്കയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. യുഎസിൽ 835 ശതകോടീശ്വരന്മാരുള്ളത്. പുതുതായി 101 പേർ ഇടംപിടിച്ചു. യുഎസ് ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി 5.8 ട്രില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോടീശ്വരന്മാരുടെ ആസ്തി വളർച്ച 27.6 ശതമാനവുമായി.

ലോകത്തെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തിയിൽ 40 ശതമാനവും യുഎസ് ശതകോടീശ്വരന്മാരുടെ കൈവശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി . ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തിൽ മൂന്നിരട്ടിയോളം (+263%) ഉയർന്ന് 905.6 ബില്യൺ ഡോളറിൽ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോർട്ടിലുണ്ട്. യുഎസ്, ചൈന എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്.

ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യൻ ശതകോടീശ്വരന്മാർ. 2023ലെ 153ൽ നിന്ന് 2024ൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വർധിച്ചു. ഇവരിൽ 55.7% പേർ സ്വയാർജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേൽ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാർ. 40 ഇന്ത്യക്കാരാണ് പുതുതായി ശതകോടീശ്വരപട്ടം ഈ വർഷം ചൂടിയത്. 7 പേർ ശതകോടീശ്വരന്മാർ അല്ലാതായി.

US Lead Billionaires in World, India’s Position Third