വാഷിംഗ്ടൺ: 2001ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അമേരിക്കക്കാരന്റെ വധശിക്ഷ നടപ്പാക്കി. ബുധനാഴ്ച ടെക്സസിലാണ് വധശിക്ഷ നടപ്പാക്കിയത്.
ബ്രിഡ്ജറ്റ് ടൗൺസെൻഡിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ 2006ൽ റാമിറോ ഗോൺസാലസ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സംഭവം നടക്കുമ്പോൾ രണ്ടുപേർക്കും 18 വയസ്സായിരുന്നു.
41 വയസ്സുള്ള ഗോൺസാലസ് വൈകുന്നേരം 6:50 നാണ് മരിച്ചത്. മാരകമായ കെമിക്കൽ കുത്തിവച്ചാണ് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.
“ടൗൺസെൻഡ് കുടുംബത്തോട്, ക്ഷമിക്കണം എന്നു പറയാൻ എനിക്ക് കഴിയുന്നില്ല. ഞാൻ വരുത്തിവച്ച വേദന, ഞാൻ നഷ്ടപ്പെടുത്തിയത് എനിക്ക് തിരികെ നൽകാൻ കഴിയില്ല,” ഗോൺസാലെസ് തൻ്റെ അന്തിമ പ്രസ്താവനയിൽ പറഞ്ഞു.
2001 ജനുവരിയിലാണ് ഇയാൾ, തൻ്റെ മയക്കുമരുന്ന് ഡീലറുടെ കാമുകിയായിരുന്ന ടൗൺസെൻഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനു ശേഷം വെടിവച്ചു കൊലപ്പെടുത്തിയത്.
ഗൊൺസാലസിൻ്റെ വധശിക്ഷ ഈ വർഷം ഇതുവരെ ടെക്സാസിൽ രണ്ടാമത്തേതും യുണൈറ്റഡ് സ്റ്റേറ്റ്സിലെ എട്ടാമത്തേതുമാണ്. 2023-ൽ അമേരിക്ക 24 വധശിക്ഷകൾ നടപ്പാക്കി. എല്ലാം മാരകമായ കുത്തിവയ്പ്പിലൂടെയാണ് നടപ്പാക്കിയത്.