ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി പകരാൻ ശ്രമിച്ചതിന് യുഎസിൽ യുവാവിന് 30 വർഷം തടവ്

ന്യൂയോർക്ക്: ലൈംഗിക സമ്പർക്കത്തിലൂടെ എച്ച്ഐവി പടർത്താൻ ബോധപൂർവം ശ്രമിച്ചതിന് യുഎസിലെ 34 വയസ്സുള്ളയാൾക്ക് 30 വർഷം തടവ്. സിബിഎസ് ന്യൂസ് പറയുന്നതനുസരിച്ച്, 16 വയസുകാരനുൾപ്പെടെ 30 മുതൽ 50 വരെ വ്യത്യസ്ത പുരുഷന്മാരുമായും ആൺകുട്ടികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അലക്സാണ്ടർ ലൂയി സമ്മതിച്ചു. അദ്ദേഹം തൻ്റെ ആരോഗ്യസ്ഥിതി മനഃപൂർവം മറച്ചുവെക്കുകയും പങ്കാളികളോട് താൻ എച്ച്ഐവി പോസിറ്റീവാണെന്ന കാര്യം പറയാതിരിക്കുകയും ചെയ്തു. ഇതുമൂലം ഇയാളുടെ പങ്കാളികൾക്കും രോഗം ബാധിച്ചേക്കാം.

കഴിഞ്ഞ ഓഗസ്റ്റിൽ ലൂയി ഒരു 15 വയസ്സുള്ള ആൺകുട്ടിയുമായി ഓൺലൈനിൽ ലൈംഗിക സംഭാഷണം’ ആരംഭിച്ചതിന് ശേഷമാണ് കേസിൻ്റെ അന്വേഷണം ആരംഭിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ലൂയിക്കെതിരെയുള്ള ഒരു രഹസ്യാന്വേഷണമായിരുന്നു. ഇരുവരും ഓൺലൈനിൽ സംസാരിക്കുകയും തുടർന്ന് നേരിൽ കാണാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ലൂയി ഇൻ്റർനെറ്റ് ചാറ്റുകൾ വഴി നഗ്ന ഫോട്ടോകൾ അയച്ചു.

2023 സെപ്തംബറിൽ നിയുക്ത സ്ഥലത്ത് എത്തിയപ്പോൾ കുട്ടികളെ പ്രലോഭിപ്പിച്ചുവെന്ന കുറ്റത്തിന് ലൂയിയെ നിയമപാലകർ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, ലൂയി എച്ച്ഐവി മരുന്ന് കഴിക്കുന്നില്ലെന്ന് കണ്ടെത്തിയതായി പോലീസ് അവകാശപ്പെട്ടു.