വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഐഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഉസാമ ജമാല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ജനാബിയെ വധിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം)
ബുധനാഴ്ച അറിയിച്ചത്.
ഇയാളുടെ മരണം ഭീകരാക്രമണം നടത്താനുള്ള ഐഎസിന്റെ കഴിവിനെ തകര്‍ക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. മാത്രമല്ല, മേഖലയിലെ സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും ഒപ്പം, ഐഎസ്‌ഐഎസിന്റെ പ്രവര്‍ത്തന ശേഷി കുറയ്ക്കുന്നതിനും അതിന്റെ എന്നെന്നേക്കുമുള്ള തോല്‍വി ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സെന്റ്‌കോം തുടരുമെന്നും ഇതില്‍ ഒരു സാധാരണക്കാരനെയും ഉപദ്രവിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ജനുവരി മുതല്‍ മാര്‍ച്ച് വരെ, സെന്റ്‌കോം ഉം അതിന്റെ പങ്കാളികളും ഏഴ് ഐഎസ് പ്രവര്‍ത്തകരെ കൊല്ലുകയും 27 പേരെ സിറിയയില്‍ തടവിലാക്കുകകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവില്‍ത്തന്നെ ഇറാഖില്‍ 11 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 36 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ഐഎസ് ഉദ്യോഗസ്ഥരെ യുഎസ് സൈന്യം ലക്ഷ്യമിടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം മൂന്നാഴ്ച മുമ്പ്, സോമാലിയയിലെ ധാര്‍ദാറിന് സമീപമുള്ള ഒരു വിദൂര പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.