വാഷിങ്ടൺ: ജാസ് വാദകനും ഗായകനും ഗാനരചയിതാവുമായി യുഎസ് പോപ്പ്സംഗീത ലോകത്ത് ഏഴരപ്പതിറ്റാണ്ടലേറെ നിറഞ്ഞുനിന്ന ക്വിൻസി ജോൺസ് (91) അന്തരിച്ചു. യുഎസ് എൻ്റർടെയ്ൻമെൻ്റ് ലോകത്തെ അതികായനായിരുന്നു. മൈക്കൽ ജാക്സണും ഫ്രങ്ക് സിനത്രയുമുൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശേഷിയുള്ള ജാസ് വാദകരിൽ ഒരാളായി ‘ടൈം വാരിക’ തിരഞ്ഞെടുത്തിരുന്നു. 28 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 80 തവണ ഗ്രാമി നാമനിർദേശം ലഭിച്ചു.
ത്രില്ലർ’ ഉൾപ്പെടെ ജാക്സന്റെ പ്രശസ്ത ആൽബങ്ങളുടെ നിർമാതാവാണ്. 1985-ൽ അമേരിക്കയിലെ 46 പ്രമുഖ പോപ്പ് ഗായകരെചേർത്ത് ‘വി ആർ ദ വേൾഡ്’ എന്ന ആൽബമുണ്ടാക്കി. മൈക്കൽ ജാക്സൺ, ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ടിന ടേണർ, സിൻഡി ലോപ്പർ എന്നിവരെല്ലാം ഇതിൽ പങ്കാളികളായി.
50 ചലച്ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. മികച്ച ഗാനത്തിനുള്ള ഓസ്കർ നാമനിർദേശം ലഭിച്ച ആദ്യ ആഫ്രോ വംശജനാണ്. 1967-ൽ ‘ബാനിങ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. 1933-ൽ ഷിക്കാഗോയിലാണ് ജോൺസിന്റെ ജനനം. 1990-ലെ ഹിറ്റ് ടെലിവിഷൻ പരിപാടിയായ ‘ദ ഫ്രഷ് പ്രിൻസ് ഓഫ് ബെൽ എയറി’ന്റെ നിർമാതാവായിരുന്നു. അതിലൂടെയാണ് ഹോളിവുഡ് നടൻ വിൽസ്മിത്ത് അരങ്ങേറ്റംകുറിച്ചത്. ടിവി, ഫിലിം നിർമാണ കമ്പനി ഉടമയായിരുന്നു.
US Musician Quincy Jones passed Away