ചെന്നൈ: ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ജൂലൈ 18 വ്യാഴാഴ്ച ആതിഥേയത്വം വഹിച്ച 248-ാം യുഎസ് ദേശീയ ദിനാഘോഷത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന യുഎസ്-ഇന്ത്യ പങ്കാളിത്തത്തെ പുകഴ്ത്തി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ബഹിരാകാശ പര്യവേക്ഷണം, സ്റ്റെം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമറ്റിക്‌സ്) മേഖലകളിലെ ഉഭയകക്ഷി സഹകരണം പ്രത്യേകം എടുത്ത് പറഞ്ഞാണ് അംബാസഡര്‍ അമേരിക്കന്‍ ദേശീയ ദിനാഘോഷത്തില്‍ സംസാരിച്ചത്. യുഎസില്‍ ”ഫോര്‍ത്ത് ഓഫ് ജൂലൈ” എന്ന പേരിലും അറിയപ്പെടുന്ന അമേരിക്കന്‍ ദേശീയ ദിനം 1776 ജൂലൈ 4-ല്‍ അമേരിക്കയില്‍ നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്നു.
ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും അമേരിക്കയും ഇന്ത്യയും സഹകരിച്ച് നടപ്പാക്കുന്ന ഉദ്യമങ്ങളെ ഉയര്‍ത്തിക്കാട്ടിയ അംബാസഡര്‍, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന് അടിവരയിട്ടു. ഈ സംരംഭങ്ങള്‍, പ്രത്യേകിച്ച് നൈസാര്‍ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍) ദൗത്യത്തിലെ യുഎസ്-ഇന്ത്യ ബഹിരാകാശ സഹകരണവും യുഎസ് റോക്കറ്റില്‍ ഒരു ഇന്ത്യക്കാരനെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനുള്ള തീരുമാനവും, മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ദക്ഷിണേന്ത്യയുടെ നിര്‍ണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
”ബഹിരാകാശം ചിലത് നമ്മില്‍ നിന്ന് എടുക്കുന്നു, ചിലത് നാമാരാണോ അതിനോട് കൂട്ടിച്ചേര്‍ക്കുന്നു. നമ്മുടെ പരിമിതമായ സാധ്യതകളെ എടുത്ത് മാറ്റി അതിര്‍ത്തികളും സമുദ്രങ്ങളും കടന്ന് നമ്മെ ബന്ധിപ്പിക്കുന്നു. ഇതേ ബഹിരാകാശം ഇവിടെ ഇന്‍ഡോ-പസിഫിക് മേഖലയില്‍ ഒരു സവിശേഷ ബന്ധം പടുത്തുയര്‍ത്തുന്നു; അതേ സമയം അതിനേക്കാള്‍ വലിയ തോതില്‍ നമ്മെ ഉയര്‍ത്തി ഒരൊറ്റ മനുഷ്യകുടുംബമാക്കി ഒരുമിപ്പിക്കുന്നു,” ഗാര്‍സെറ്റി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത് തമിഴ്നാട് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴിയാണ്. ”ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം ആശയവിനിമയത്തിനും പരസ്പര സഹകരണത്തിനുമുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുന്നു. ആഗോളതലത്തിലുള്ള വീക്ഷണങ്ങളും ഗവേഷണവും അവലംബിക്കുന്ന മികച്ച സംവിധാനങ്ങളും സംയോജിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ അമേരിക്കന്‍ കോണ്‍സുലേറ്റുമായുള്ള സഹകരണം സഹായിക്കുന്നു. അമേരിക്കന്‍ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുന്ന ഈ അവസരത്തില്‍ തമിഴ്നാടും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്താനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ഊട്ടിയുറപ്പിക്കാം. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ വൈദഗ്ധ്യവും വിവിധ വിഭവങ്ങളും ഉപയോഗപ്പെടുത്തി ഈ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ഉള്‍ക്കൊണ്ട് നമ്മുടെ യുവതയുടെയും സമൂഹത്തിന്റെയും അഭിവൃദ്ധി നിറഞ്ഞ ഭാവിക്കായി പ്രവര്‍ത്തിക്കുന്നത് തുടരാം,” അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ക്രിസ് ഹോഡ്ജസ്, ചടങ്ങിലെ വിശിഷ്ടാതിഥിയായ നടന്‍ കമല്‍ ഹാസന്‍ എന്നിവരും യു.എസ്.-ഇന്ത്യ ബന്ധങ്ങളുടെ ബഹുമുഖ സ്വഭാവത്തെപ്പറ്റി, പ്രത്യേകിച്ച് ബഹിരാകാശ സാങ്കേതികവിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും ഉള്ള വികസനത്തെപ്പറ്റി, എടുത്തുപറഞ്ഞു. ബഹിരാകാശം പ്രതിപാദവിഷയമാക്കി അണിയിച്ചൊരുക്കിയ യു.എസ്. ദേശീയ ദിനാഘോഷത്തിന്റെ ഏകീകരണ ശക്തിയെ അഭിനന്ദിച്ച കമല്‍ ഹാസന്‍ സമീപകാല ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ സ്ത്രീകളുടെ പങ്കിനെയും പ്രശംസിച്ചു.
അവാര്‍ഡ് ജേതാവായ യുവ ഗായിക ഐന പടിയത്ത് യുഎസ് ദേശീയ ഗാനവും ഗായിക പവിത്ര ചാരി ഇന്ത്യന്‍ ദേശീയ ഗാനവും ചടങ്ങില്‍ ആലപിച്ചു.