അമേരിക്ക-ഇന്ത്യ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിലൊരു ചർച്ച! സള്ളിവനും ഡോവലും സംസാരിച്ചതെന്ത്‌?

ഡൽഹി: യു എസ്‌ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജേക്ക്‌ സള്ളിവനുമായി ഫോണിൽ സംസാരിച്ച്‌ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ. ഉഭയകക്ഷി വിഷയങ്ങൾക്ക്‌ പുറമേ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായതായി വൈറ്റ്‌ ഹൗസ്‌ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നിന്ന്‌ ഇന്ത്യയുടെയും ചൈനയുടെയും സേനകൾ പിൻമാറിയതിന്‌ തൊട്ടുപിന്നാലെയാണ്‌ സള്ളിവനുമായുള്ള സംഭാഷണമെന്നത് ശ്രദ്ദേയമാണ്.

ഇന്തോ–പസഫിക് മേഖലയിൽ സുരക്ഷയും സഹകരണവും വർധിപ്പിക്കാൻ ധാരണയായി. ഉഭയകക്ഷി ചർച്ചയിൽ ഊർജ, പ്രതിരോധ പങ്കാളിത്തവും ഉയർന്നുവന്നു. സിഖ്‌ വിഘടനവാദിയായ ഗുർപട്‌വന്ത് സിങ്‌ പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുഎസ്‌ കോടതി ഡോവൽ അടക്കമുള്ള ഇന്ത്യൻ ഉന്നതർക്ക്‌ സമൻസ്‌ അയച്ചിരുന്നു. ഇക്കാര്യം ചർച്ചയായോ എന്ന്‌ വ്യക്തമല്ല. കാനഡയുമായുള്ള നയതന്ത്ര സംഘർഷവും പ്രസ്‌താവനയിൽ പരാമർശിക്കപ്പെട്ടില്ല.

യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നു എന്ന്‌ ആരോപിച്ച്‌ 19 ഇന്ത്യൻ സ്ഥാപനങ്ങൾക്കും രണ്ട്‌ വ്യക്തികൾക്കും അമേരിക്ക കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഡൽഹി ആസ്ഥാനമായ എയർക്രാഫ്‌റ്റ്‌ സ്പെയർപാർട്‌സ്‌ കമ്പനി അസെൻഡ്‌ ഏവിയേഷൻ ഇന്ത്യയുടെ ഡയറക്ടർമാരായ വിവേക്‌ കുമാർ മിശ്ര, സിധീർ കുമാർ എന്നിവരാണ്‌ ഉപരോധം നേരിടുന്ന വ്യക്തികൾ. ഇവരുടെ സ്ഥാപനവും ഉപരോധപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഉപരോധ വിഷയം ചർച്ചയായോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

വിവിധ രാജ്യങ്ങളിൽനിന്നുള്ള നാനൂറോളം പേർക്കാണ്‌ ബുധനാഴ്ച ഉപരോധം ഏർപ്പെടുത്തിയത്‌. 120 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്‌റ്റേറ്റ്‌ ഡിപാർട്‌മെന്റും 270 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ട്രഷറി ഡിപാർട്‌മെന്റും 40 പേർക്ക്‌ കൊമേഴ്‌സ്‌ ഡിപാർട്‌മെന്റുമാണ്‌ ഉപരോധം ചുമത്തിയത്‌

More Stories from this section

family-dental
witywide