വാഷിങ്ടൺ: തിങ്കളാഴ്ച ഇറാഖിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മൂന്ന് യുഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിനെത്തുടർന്ന് മേഖലയിലെ ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്.
ഇറാഖിലെ അൽ അസദ് എയർബേസിലാണ് സംശയാസ്പദമായ റോക്കറ്റ് ആക്രമണം നടന്നതെന്ന് പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങളാണ് തങ്ങൾ വെളിപ്പെടുത്തുന്നതെന്നും ഇവയിൽ മാറ്റം സംഭവിച്ചേക്കാമെന്നും അവർ പറഞ്ഞു.
ബേസ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ശേഷമുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ ഇറാഖിലെ താവളത്തിൽ തിങ്കളാഴ്ച രണ്ട് കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. റോക്കറ്റുകൾ ബേസിനുള്ളിൽ പതിച്ചതായി മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണം നടത്തിയിരുന്നു.