റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കും, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും: നിയുക്ത പ്രസിഡന്‍റിന്റെ ‘ആദ്യ’ പ്രസംഗത്തിൽ ട്രംപിന്‍റെ ഉറപ്പ്

വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിലുമാകും തൻ്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നവംബർ 5-ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങൾ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്, ഞങ്ങൾ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി വളരെ കഠിനമായി പ്രവർത്തിക്കാൻ പോകുകയാണ്’ – എന്നാണ് ട്രംപ് പറഞ്ഞത്.

‘റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അവർ പട്ടാളക്കാരായിരുന്നു, അവർ സൈനികരാണെങ്കിലും അവരും മനുഷ്യരാണ്, എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെട്ടണം’ – എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാകും തന്‍റെ ഭരണകൂടം നടത്തുകയെന്നും നിയുക്ത പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.