ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍…ടിക് ടോകില്‍ എത്തി ബൈഡനും

വാഷിംഗ്ടണ്‍: ടിക് ടോക്കില്‍ അക്കൗണ്ട് എടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും. ടിക് ടോകിനോട് മുഖം തിരിച്ച ആളിന് ഇതെന്നാ പറ്റിയെന്നാണെങ്കില്‍, അതിപ്പൊ ഇലക്ഷനൊക്കെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എന്തായാലും 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുമായാണ് ടിക് ടോകില്‍ തന്റെ അരങ്ങേറ്റം കുറിച്ചുകൊണ്ട് ബൈഡന്‍ എത്തിയിരിക്കുന്നത്.

വീഡിയോ പങ്കിടല്‍ പ്ലാറ്റ്ഫോമായ ടിക് ടോകിനോടുള്ള യുഎസ് സര്‍ക്കാര്‍ സമീപനത്തില്‍ റിപ്പബ്ലിക്കന്‍മാരില്‍ നിന്നും സ്വന്തം ഭരണകൂടത്തില്‍ നിന്നുതന്നെയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയതിന് ശേഷമാണ് ഈ നീക്കം. യുഎസ് പൗരന്‍മാരുടെ ഫോണുകളിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറാനുള്ള ഉപാധിയെന്ന നിലയില്‍ ചൈനീസ് സര്‍ക്കാര്‍ ടിക് ടോക്കിനെ ഉപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ടിക് ടോകിലേക്ക് ബൈഡന്‍ തന്നെ ചുവടുവയ്ക്കുന്നത്.

ലോകത്ത് എറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിലൊന്നായ ടിക് ടോക് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ ഭാഗികമായി ടിക് ടോക് നിരോധനത്തിലേക്ക് കടന്നിട്ടുണ്ട്. മൊണ്ടാനയില്‍, ആപ്പ് പൂര്‍ണ്ണമായും നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അടുത്തിടെ ഒരു ജഡ്ജി തടഞ്ഞിരുന്നു.

ടിക് ടോകിനെ അമേരിക്ക സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെങ്കിലും, ആപ്പിന്റെ ഉപയോഗം നിരോധിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള കൂടുതല്‍ നടപടി കടന്നിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ടിക് ടോക് സാന്നിധ്യം ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് ബൈഡന്റെ ഇപ്പോഴത്തെ നീക്കം. മാത്രമല്ല, യുവ വോട്ടര്‍മാരിലേക്ക് പെട്ടെന്നെത്താനുള്ള മാര്‍ഗം കൂടിയാണിത്.

More Stories from this section

family-dental
witywide