എ.സി.ജോർജ്
ഹ്യൂസ്റ്റൻ: അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രേറ്റർ
ഹ്യൂസ്റ്റനിലെ മലയാളികൾ പൊളിറ്റിക്കൽ ഡിബേറ്റ് നടത്തി. ഡെമോക്രാറ്റിക് പാർട്ടി നോമിനി കമലഹാരിസിന് വേണ്ടിയും, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡോണാൾഡ് ട്രംപിന് വേണ്ടിയും രണ്ടു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു ഡിബേറ്റ്.
രണ്ടു പാർട്ടികളുടെയും ആശയങ്ങളും അജണ്ടകളും ട്രാക്കു റിക്കാർഡുകളും,
കൈമുതലാക്കി ഹ്യൂസ്റ്റനിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികൾ ഇരുവശവും നിന്ന്അത്യന്തം വീറോടും വാശിയോടും പോരാടി. കേരള ഡിബേറ്റ് ഫോറം യുഎസ്എ, സ്റ്റാഫോർഡിലുള്ള ഡാൻ മാത്യൂസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദവേദി, രാഷ്ട്രീയ സാമൂഹ്യ ആശയങ്ങൾ മാറ്റുരച്ച
ഒരു പടക്കളമായി മാറി. സെപ്റ്റംബർ 22, വൈകുന്നേരം ആറുമണി മുതലായിരുന്നു
സംവാദം. കേരള ഡിബേറ്റ് ഫോറം യുഎസ്എക്ക് വേണ്ടി സംവാദത്തിന്റെ
മോഡറേറ്ററായി എ.സി. ജോർജ് പ്രവർത്തിച്ചു. രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ
മാധ്യമ പ്രതിനിധികളും നേതാക്കളും പ്രവർത്തകരുമായി ഒട്ടനവധിപേർ പങ്കെടുത്തു.
ഡോക്ടർ ജോസഫ് പോന്നോലി, സ്വാഗതം ആശംസിച്ചു. ഇരു ചേരികളെയും സദസ്സിനു
പരിചയപ്പെടുത്തി. തുടർന്ന് സംവാദം മോഡറേറ്റർ നിയന്ത്രിച്ചു. ആവേശത്തിരമാലകൾ
ഇളക്കിമറിച്ചുകൊണ്ട് ഇരുപക്ഷവും അവരുടെ ആവനാഴിയിലെ അമ്പുകൾ നേർക്ക് നേരെ തൊടുത്തു വിടാൻ ആരംഭിച്ചു എന്നാൽ തികച്ചും സഭ്യവും ആശയപരവും സമാധാനപരവുമായ പക്ഷ, പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്..
റിപ്പബ്ലിക്കെൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകൾ ആയി ഡാൻ മാത്യൂസ്, ടോം വിരിപ്പൻ, തോമസ് ഒലിയാൻകുന്നേൽ, ഡോക്ടർ മാത്യുവൈരമൺ എന്നിവർ നിലകൊണ്ടപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലഹാരിസ്പ ക്ഷത്തിനു വേണ്ടി പൊന്നുപിള്ള, എസ്.കെ.ചെറിയാൻ, ജോസഫ് തച്ചാറ, മാത്യൂസ്എടപ്പാറ, എന്നിവർ നിലകൊണ്ടു. അവരവരുടെ പക്ഷത്തിനും സ്ഥാനാർത്ഥികൾക്കും വേണ്ടി വസ്തുതകൾ നിരത്തിക്കൊണ്ട് അതി തീവ്രമായി പ്രാരംഭ പ്രസ്താവനകളിൽ തന്നെ വാദിച്ചു. ടൗൺഹാൾ പബ്ലിക് മീറ്റിംഗ് ഫോർമാറ്റിൽ ആയിരുന്നു ഡിബേറ്റ്.
തുടർന്ന് സദസിൽ നിന്ന് പ്രസ്താവനകളുടെയും പാനലിസ്റ്റുകളോടുള്ള
ചോദ്യങ്ങളുടെയും കുത്തൊഴുക്കായിരുന്നു.ഇരുപക്ഷത്തെ പാനലിസ്റ്റുകൾ പരസ്പരം സ്ഥാനാർത്ഥികൾക്ക് വേണ്ടി ആരോപണ പ്രത്യാരോപണങ്ങളുടെ ശരങ്ങൾ തൊടുത്തു വിട്ടു ചിലരെല്ലാം ചോദ്യങ്ങൾക്കു മുമ്പിൽ വിയർക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനി ഡോണാൾഡ് ട്രംപ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോഭരണപാടവുമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിനസുകാരനാണ്. . റിപ്പബ്ലിക്കൻ പാർട്ടിയുടെ തന്നെ ഏകപക്ഷീയമായ ഒരു പിന്തുണ അയാൾക്ക് അവകാശപ്പെടാൻ സാധ്യമല്ല,. ആവർത്തിച്ചാവർത്തി തെറ്റുകളും അബദ്ധങ്ങളും വിളിച്ച് പറഞ്ഞ് സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്ന ഇയാൾക്ക് അവയിൽ നിന്ന് തടി ഊരാൻ കഴിഞ്ഞ കാലങ്ങളിൽ വളരെയധികം തത്രപ്പെടേണ്ടി വന്നു ഇയാളുടെ കയ്യിൽ അമേരിക്കൻ ഭരണം കുരങ്ങന്റെ കയ്യിൽ പൂമാല
പോലെയിരിക്കും. ലോകം മുഴുവൻ നശിപ്പിക്കാൻ ശക്തമായ ആറ്റംബോംബ്
കോഡ് ഇത്തരക്കാരന്റെ കയ്യിൽ വന്നാൽ എന്താകും സ്ഥിതി ഒന്ന് ആലോചിച്ചു
നോക്കുക. എന്നെല്ലാം ഡെമോക്രട്ട് പാനലിസ്റ്റുകൾ ചോദിച്ചപ്പോൾ അതേ നാണയത്തിൽ
തന്നെ റിപ്പബ്ലിക്കെൻ പാനലിസ്റ്റുകൾ തിരിച്ചടിച്ചു.
തങ്ങളുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് കഴിവ് തെളിയിച്ചു
കഴിഞ്ഞിട്ടുള്ള ഒരു മുൻകാല അമേരിക്കൻ പ്രസിഡണ്ട് തന്നെയാണ്. അദ്ദേഹം
നാലുവർഷം അമേരിക്കൻ പ്രസിഡണ്ട് ആയിരുന്നപ്പോൾ അമേരിക്കയിലും
ലോകത്തെമ്പാടും ഒരുവിധം സമാധാനം ഉണ്ടായിരുന്നു. ഒരിടത്തും ഒരു ശിദ്ര
ശക്തികളോ, നിക്ഷിപ്ത താല്പര്യക്കാരോ ഭീകരവാദികളോ തലപൊക്കിയില്ല. റഷ്യയിലെ
പുട്ടിനും, വടക്കൻകൊറിയയിലെ കിംഗ് ജോങ്ങും അമേരിക്കയുടെയും, ഡൊണാൾഡ്
ട്രംപിന്റെയുംയും മുമ്പിൽ വാലു ചുരുട്ടി ഓച്ഛാനിച്ചുനിന്നു. അമേരിക്കൻ നികുതി
ദായകരുടെപണം എടുത്ത് യുദ്ധം ചെയ്യാതെ തന്നെ രാജ്യ തന്ത്രജ്ഞതയോടെയോ,
അല്ലെങ്കിൽ ഇത്തരക്കാരെ വിരട്ടിയോ നിർത്തി. ഇന്ന് ലോകത്തിൻറെ അവസ്ഥയെന്താണ്.
മിഡിൽ ഈസ്റ്റിലും, യൂക്റൈനിലും, യുദ്ധത്തിൻറെ പെരുമഴയല്ലേ? അമേരിക്കൻ
നികുതി ദായകരുടെ പണം എത്രയാണ് ഈ ഡെമോക്രാറ്റിക് പ്രസിഡണ്ട് ഇപ്പോൾ
അവിടെ കൊണ്ടുപോയി കൊടുത്തു പൊട്ടിച്ചു കളയുന്നത്? ഇപ്പോൾ വൈസ്
പ്രസിഡണ്ട് ആയ കമലഹാരിസ് കൂടി അതിന് ഉത്തരവാദിയാണ്. അപ്പോൾ പിന്നെ ഈ
വ്യക്തി പ്രസിഡണ്ട് ആയാൽ അമേരിക്കയ്ക്ക് എതിരായി ഈ വികട ശക്തികൾ എല്ലാം
ഇളകിയാഡും. ഡോണാൾഡ് ട്രംപിന്റെ ചില പ്രസ്താവനകളോ ചില കഴമ്പില്ലാത്ത
ഭൂതകാല ചെയ്തികൾ പൊക്കിയെടുത്ത് പാർട്ടിയെയും ട്രംപിനെയും താർഅടിക്കാനോ
സദാചാര പോലീസ് ചമഞ്ഞ് രാഷ്ട്രീയ സദാചാരം പഠിപ്പിക്കാൻ ഡെമോക്രാറ്റിക് പാർട്ടി
മഞ്ഞുകൊണ്ട് തുനിയേണ്ടതില്ലെന്ന് റിപ്പബ്ലിക്കൻ പാനൽ കൈചൂണ്ടി ഡെമോക്രാറ്റിക്
പാനലിനെ താക്കീത് ചെയ്തു.
ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് രണ്ടു പാർട്ടിക്കും തുല്യപരിഗണനയും ചിട്ടയും ഓർഡറും നിലനിർത്താൻ കേരള ഡിബേറ്റ് ഫോറത്തിനു വേണ്ടി
ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോർജിന് കഴിഞ്ഞു. ഏതാണ്ട് രണ്ടര മണിക്കൂർ
ദീർഘിച്ച ഈ ഡിബേറ്റിൽ സജീവമായി പങ്കെടുത്തു കൊണ്ട് ചോദ്യങ്ങൾ ചോദിച്ചവർ
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടന തലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരും
പ്രമുഖരുമായ എബ്രഹാം തോമസ്, മേരിക്കുട്ടി എബ്രഹാം, ജീവാ സുഗതൻ, സ്റ്റീഫൻ
മാത്യു, സി. ജി. ഡാനിയൽ, ക്രിസ് മാത്യൂസ്, ഡെയ്സി മാത്യൂസ്, സെന്നി ഉമ്മൻ,
ആൻഡ്രൂസ് ജേക്കബ്, ബിജു ചാലക്കൽ, ജോർജ് ജോസഫ്, ജോമോൻ ഇടയാടി, ജോഷി
ചാലിശ്ശേരി, ഡാനിയൽ ചാക്കോ, ഡോക്ടർ ജോസഫ് പൊന്നോലി, പ്രൊഫസർ സക്കറിയ
ഉമ്മൻ, പ്രൊഫസർ സിസി സക്കറിയ, ആൻ ജോൺ, തങ്കപ്പൻ നായർ, മേഴ്സി ജോർജ്,
ജയ്സൺ ജോർജ്, തുടങ്ങിയവരാണ്. ഡിബേറ്റിന്റെ ക്ലോസിങ് പ്രസ്താവനയായി പാർട്ടി
ഏതായാലും അവരവരുടെ സമ്മതിദാനാവകാശം എല്ലാവരും വോട്ട് ചെയ്ത്
പ്രകടിപ്പിക്കണമെന്ന് കേരള ഡിബേറ്റ് ഫോറം യു എസ് എ അടിവരയിട്ടു കൊണ്ട്
പറഞ്ഞു.
US Presidential Election; Kerala Debate Forum organized a heated debate in Houston