ബാൾട്ടിമോർ ദുരന്തം; അടിയന്തര സഹായമായി 60 മില്യൺ ഡോളർ അനുവദിച്ചു

മെരിലാൻഡ്: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ 60 മില്യൺ യുഎസ് ഡോളർ (500 കോടി രൂപ) അടിയന്തര സഹായമായി അനുവദിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസിൽ നിന്ന് നേരിട്ടാണ് പണം അനുവദിച്ച് കൊണ്ടുള്ള അനുമതിനല്‍കിയത്‌. തകർന്ന പാലം എത്രയും വേഗം പുനർനിർമിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് എത്രയും വേഗം അനുവദിച്ചതെന്ന് ഫെഡറൽ ഹൈവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

പാലത്തിന്റെ പുനർനിർമാണത്തിന് 2 ബില്യൺ യുഎസ് ഡോളർ ചെലവു വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് ആഴ്ചകളോ മാസങ്ങളോ എടുത്ത് നിർമാണം പൂർത്തിയാക്കാനാകുന്ന കാര്യമല്ലെന്നും, നീണ്ട കാലയളവിനുള്ളിൽ മാത്രമേ ഇത് സാധ്യമാകു എന്നും മെരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു.

അപകടത്തിൽ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തുറമുഖം സഞ്ചാരയോഗ്യമാക്കുക എന്നതാണ് ആദ്യ ഘട്ടം. ഇവിടേക്ക് എത്താനിരുന്ന ചരക്കുകപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വിടാനായി നിർദേശിച്ചിട്ടുണ്ടെന്നും വെസ് മൂർ വ്യക്തമാക്കി.