വാഷിംഗ്ടണ്‍: ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നു എന്ന റഷ്യന്‍ ആരോപണം തള്ളി അമേരിക്ക. ലോകത്തെവിടെയുമുള്ള തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തതുപോലെ, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ ഇടപെടുന്നില്ലെന്ന് അമേരിക്ക തിരിച്ചടിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് എടുക്കേണ്ട തീരുമാനങ്ങളാണിവയെന്നും ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍വെച്ച് ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ റോ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് അടുത്തിടെ പുറത്തുവിട്ട ലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവയാണ് അമേരിക്കയ്ക്ക് എതിരായ പ്രസ്താവന നടത്തിയത്. അതില്‍ ഇന്ത്യക്കെതിരെ തെളിവില്ലെന്നും മാത്രമല്ല ഇന്ത്യയുടെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും മരിയ ആരോപിച്ചിരുന്നു. അമേരിക്കയുടെ കൊളോണിയല്‍ മാനസികാവസ്ഥയെന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സങ്കീര്‍ണ്ണമാക്കുന്നതിനായി അമേരിക്ക ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളെ അസന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു റഷ്യയുടെ ആരോപണം. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ അമേരിക്ക എത്തിയത്.