
ന്യൂഡല്‍ഹി: അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കാനും ഉചിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും അഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. വിദ്യാര്‍ത്ഥികള്‍ സമപ്രായക്കാരുമായി ബന്ധം പുലര്‍ത്തണമെന്നും ക്യാമ്പസ് സുരക്ഷാ ഉറവിടങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ വെച്ച് ജീവന്‍ നഷ്ടമായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിലുള്ള യുഎസ് സര്‍ക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ വര്‍ഷവും കാല്‍ലക്ഷത്തോളം വരുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന നീതിപ്രശ്‌നങ്ങളെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ നടപടികള്‍ പിന്തുടരാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച എറിക് ഗാര്‍സെറ്റി വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കാനും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും ഉപദേശിച്ചു. എന്തൊക്കെ ചെയ്താലും പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചേക്കാമെന്നും എന്നാല്‍ ജാഗ്രതപാലിക്കുന്നതിലൂടെ അപകട സാധ്യതയോ അതിന്റെ ആഘാതമോ കുറയ്ക്കാനായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂട്ടമായി യാത്ര ചെയ്യുക, സമപ്രായക്കാരുമായി ബന്ധം പുലര്‍ത്തുക, നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള അപകടകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കുക എന്നും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങളാക്കി.
പ്രതിവര്‍ഷം ഏകദേശം 2,45,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ കാമ്പസുകളില്‍ വിദ്യാഭ്യാസം നേടുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. മാത്രമല്ല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക്, പ്രത്യേകിച്ച് അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍, സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും എറിക് ഗാര്‍സെറ്റി ഉറപ്പുനല്‍കി. ഇതില്‍ സമൂഹ മാധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ അതിവേഗം പ്രചരിപ്പിച്ചതാണ് സംഭവങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക സുരക്ഷിതമായ ലക്ഷ്യസ്ഥാനമാണെന്ന് വാദിച്ച എറിക് ഗാര്‍സെറ്റി, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് വരാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഞങ്ങളുടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും വ്യക്തമാക്കി.