റഷ്യയ്ക്ക് സഹായം; നാല് ഇന്ത്യൻ സ്ഥാപനങ്ങളുൾപ്പെടെ 398 കമ്പനികൾക്ക് യുഎസ് ഉപരോധം

യുക്രെയ്നിലെ റഷ്യൻ യുദ്ധത്തെ സഹായിച്ചെന്ന് സൂചിപ്പിച്ച് നാല് ഇന്ത്യൻ സ്ഥാപനങ്ങളുൾപ്പെടെ 398 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് 120 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തി. 270 ഉപരോധങ്ങൾ ഏർപ്പെടുത്തിയത് ട്രഷറി ഡിപ്പാർട്ട്മെൻ്റാണ്. ബാക്കി കമ്പനികൾക്കും വ്യക്തികൾക്കുമെതിരായ നടപടി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിൽ നിന്നാണ്.

2023 മാർച്ചിനും 2024 മാർച്ചിനും ഇടയിൽ റഷ്യ ആസ്ഥാനമായുള്ള കമ്പനികൾക്ക് 700-ലധികം ഷിപ്പ്‌മെൻ്റുകൾ അയച്ച അസെൻഡ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇന്ത്യയിലെ ഒരു കമ്പനി. കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും യു എസ് നിർമിത എയർക്രാഫ്റ്റിന്റെ ഘടകങ്ങളും ഇതിൽ ഉൾപ്പെടും.

ട്രാൻസാണ് മറ്റൊരു ഇന്ത്യൻ കമ്പനി . 2023 ജൂണിനും 2024 ഏപ്രിലിനുമിടയിൽ മൂന്ന് ലക്ഷം ഡോളറിന്റെ ഇടപാടാണ് ട്രാൻസ്, റഷ്യൻ ഏവിയേഷൻ കമ്പനിയുമായി നടത്തിയിരിക്കുന്നത്. റഷ്യക്ക് സാങ്കേതിക സഹായങ്ങൾ എത്തിച്ച് നൽകിയതാണ് ഉപരോധിക്കപ്പെട്ട മറ്റൊരു കമ്പനിയായ TSMD ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. 4.3 ലക്ഷം ഡോളറിന്റെ ഇടപാടാണ് റഷ്യയുമായി ഇവർക്കുണ്ടായിരുന്നത്. 1.4 മില്യൺ ഡോളർ മൂല്യം വരുന്ന കയറ്റുമതികൾ നടത്തിയ ഫുട്രിവോ ഇന്ത്യയാണ് മറ്റൊരു കമ്പനി.

ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, തായ്‌ലൻഡ്, തുർക്കി, യുഎഇ തുടങ്ങി 12 രാജ്യങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാപനങ്ങൾ ഉപരോധം നേരിടുന്നവയുടെ പട്ടികയിലുണ്ട്. റഷ്യയുടെ യുദ്ധ നീക്കങ്ങൾ ബലപ്പെടുത്താനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

More Stories from this section

family-dental
witywide