വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അന്ത്യത്തില്‍ ഞെട്ടലില്‍ നിന്നും ഇനിയും വിമുക്തമാകാത്ത ലോകരാജ്യങ്ങള്‍ക്കിടയില്‍ റെയ്‌സിയെ കുറ്റപ്പെടുത്തുന്ന നിലപാടില്‍ അമേരിക്ക. അദ്ദേത്തിന്റെ മരണ ശേഷം വാഷിംഗ്ടണ്‍ അനുശോചനം അറിയിച്ചെങ്കിലും പിന്നീടുവന്ന വാക്കുകള്‍ റെയ്‌സിയുടെ ‘കൈകളില്‍ ധാരാളം രക്തം’ ഉണ്ടായിരുന്നുവെന്നായിരുന്നു.
‘ഇത് കൈകളില്‍ ധാരാളം രക്തം പുരണ്ട ഒരു മനുഷ്യനായിരുന്നു,’ എന്നാണ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇറാനിലെ ‘ക്രൂരമായ’ അവകാശ ലംഘനങ്ങള്‍ക്ക് റൈസി ഉത്തരവാദിയാണെന്നും ഹമാസ് ഉള്‍പ്പെടെയുള്ള പ്രാദേശിക സംഘങ്ങളെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ‘മറ്റേതൊരു കേസിലുമെന്നപോലെ, ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഖേദിക്കുന്നുവെന്നും ഉചിതമായ രീതിയില്‍ ഔദ്യോഗിക അനുശോചനം അറിയിക്കുന്നുവെന്നും’ കിര്‍ബി കൂട്ടിച്ചേര്‍ത്തു.
റെയ്‌സിയുടെ മരണ വാര്‍ത്ത സ്ഥിരീകരിക്കുംമുമ്പ് തന്നെ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ലമെന്റ് അംഗമായ റിക്ക് സ്‌കോട്ട് ഇറാനിയന്‍ പ്രസിഡന്റിന്റെ മരണത്തെ സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ‘അദ്ദേഹത്തെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ആരും അദ്ദേഹത്തെ മിസ് ചെയ്യില്ലെന്നുമാണ് സ്‌കോട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ റെയ്‌സിയെക്കുറിച്ച് കുറിച്ചത്. ‘അദ്ദേഹം പോയിക്കഴിഞ്ഞാല്‍, കൊലയാളി സ്വേച്ഛാധിപതികളില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ തിരിച്ചുപിടിക്കാന്‍ ഇറാനിയന്‍ ജനതയ്ക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലൂടെ റിക്ക് കൂട്ടിച്ചേര്‍ത്തു.