വാഷിംഗ്ടൺ: ഖാർകിവ് മേഖലയിൽ റഷ്യയുടെ ആക്രമണം ശക്തമായി തുടരുന്നതിനിടെ, വെടിമരുന്ന്, മിസൈലുകൾ, മൈനുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ ഉക്രെയ്‌നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക.
മെയ് 10 മുതൽ ആയിരക്കണക്കിന് റഷ്യൻ സൈനികർ അതിർത്തിയിലേക്ക് ഇരച്ചുകയറുകയും 18 മാസത്തിനുള്ളിൽ ഏറ്റവും വലിയ പ്രദേശിക മുന്നേറ്റം നടത്തുകയും ചെയ്ത സാഹചര്യത്തിൽ ഉക്രെയ്ൻ ഖാർകിവിൽ വീണ്ടും സംഘർഷം ശക്തമായിരിക്കുകയാണ്.
“ധീരരായ ഉക്രേനിയന്‍ ജനത തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുമ്പോള്‍ അവരെ പിന്തുണയ്ക്കുന്നതിനായി യുക്രെയ്നിന് ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സഹായം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ന് പ്രഖ്യാപിക്കുന്നു,” സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.
നേരത്തെ, ആയുധങ്ങളുടെയും പണത്തിന്റെയും കുറവിനെ തുടര്‍ന്ന് ഉക്രെയ്ന്‍ സൈന്യം യുദ്ധമേഖലയില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം യുഎസ് 61 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രെയ്‌ന് നല്‍കിയിരുന്നു. അതിനുശേഷം, ഉക്രെയ്‌നിലേക്ക് അഞ്ച് തവണ സൈനിക സഹായം അയയ്ക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. അതേസമയം, ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലുണ്ടായ ആക്രമണത്തില്‍ വ്യാഴാഴ്ച ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു.