സ്വന്തം മുറി വൃത്തിയാക്കാനും മുഴുവൻ സമയ ജോലി കണ്ടെത്താനും ആവശ്യപ്പെട്ടതിന് 20 കാരനായ ഇന്ത്യാന യുവാവ് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് മർച്ചൻ്റ് മറൈൻ അക്കാദമിയിലെ വിദ്യാർത്ഥിയായ കോണർ കോബോൾഡ് ഫെബ്രുവരി 5 ന് 911 എന്ന നമ്പറിലേക്ക് അഞ്ച് തവണ വിളിച്ചെന്നും വാൽപാറൈസോയിലെ വീട്ടിൽ ഒരു മരണം നടന്നതായി റിപ്പോർട്ട് ചെയ്തെന്നും കോടതി രേഖകളിൽ പറയുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പോലീസ് എത്തിയപ്പോൾ കോബോൾഡ് സ്വയം കീഴടങ്ങുകയും, തന്നെ കൈവിലങ്ങണിയിച്ച് പൊലീസ് വാഹനത്തിൽ കയറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാർത്ഥിയുടെ മുഖത്ത് ചില പോറലുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പോലീസ് വീട്ടിൽ പ്രവേശിച്ചപ്പോൾ, 43കാരിയായ ഷാനെല്ലെ ബേൺസ് ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഷാനെല്ലെയുടെ കഴുത്തിൽ പല്ലിലിടുന്ന കമ്പിയുടെ അടയാളങ്ങൾ ഉൾപ്പെടെ ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നു. ചിക്കാഗോയിലെ ലയോള സർവകലാശാലയിൽ അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റായ ബേൺസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
കോടതി രേഖകൾ അനുസരിച്ച്, ശ്വാസം കിട്ടാതെയാണ് ബേൺസ് മരിച്ചത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് രേഖകളിൽ പറയുന്നു. മരണത്തിന് മുമ്പ് ബേൺസിന്റെ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു.
മകനായ കോണർ കോബോൾഡിനെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.