സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും അല്ലാത്ത പക്ഷം ജനുവരി പകുതിയോടെ നിരോധിക്കണമെന്നും ആവശ്യപ്പെടുന്ന നിയമത്തെ തുടർന്ന് യുഎസിൽ നിരോധനം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കോടതി ഇടപെടൽ. ടിക്ടോക്കിന്റെ വാദം കേൾക്കാൻ യുഎസ് സുപ്രീംകോടതി അവസരം നൽകും. ജനുവരി 10നാണ് ടിക്ടോക്കിന്റെ വാദം അവതരിപ്പിക്കാൻ കോടതി അനുമതി നൽകുക. എന്നാൽ യുഎസ് കൊണ്ടുവന്ന നിയമം നിരോധിക്കണമെന്ന ആവശ്യം കോടതി പരിഗണിക്കില്ല.
ചൈനയുമായുള്ള ബന്ധത്തെ തുടർന്ന് ആപ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎസ് നിയമത്തിനെതിരെ ടികിടോക് ഉടമകളായ ബൈറ്റ്ഡാൻസ് നൽകിയ അപ്പീൽ ഫെഡറൽ അപ്പീൽ കോടതി നിരസിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കുന്നതാണ് യുഎസ് കോൺഗ്രസ് പാസാക്കിയ നിരോധനമെന്ന ടിക്ടോക്കിന്റെ വാദം ജഡ്‌ജ് ഡഗ്ളസ് ഗിൻസ്ബർഗ് തള്ളിക്കളഞ്ഞിരുന്നു. ദേശസുരക്ഷയാണ് മുഖ്യമെന്ന് അദ്ദേഹം വിധിയിൽ വ്യക്തമാക്കിയിരുന്നു.
ദശലക്ഷക്കക്കണക്കിനു അമേരിക്കക്കാരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ടിക്ടോക് ആയുധമാക്കുന്ന ചൈനീസ് ഗവൺമെന്റിനെ തടയാൻ സുപ്രധാന നടപടിയാണിതെന്ന് അറ്റോണി ജനറൽ മെറിക് ഗാർലൻഡ് കോടതി വിധിയെ സ്വാഗതം ചെയ്ത് വ്യക്തമാക്കിയിരുന്നു.
US Supreme Court to hear TikTok challenge