വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ് മിസോറിയിൽ നിന്നുള്ള 18കാരൻ. ആഗസ്റ്റ് 8-ന് തലവേദനയും തലകറക്കവും പോലുള്ള പതിവ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോൺ പ്രോക്ടർ ആറാമനെ ആശുപത്രിയിൽ പ്രവേശിച്ചത്. എന്നാൽ അതിവേഗം ജോണിന്റെ നില വഷളായി. തുടർന്ന് പക്ഷാഘാതം വന്ന് ഐസിയുവിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
തുടക്കത്തിൽ, അദ്ദേഹം അടിയന്തിര പരിചരണ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എന്നാൽ തലവേദനയ്ക്ക് കാരണം മാനസിക സമ്മർദ്ദമാണെന്ന് പറഞ്ഞ് ഡോക്ടർ മരുന്ന് നൽകി തിരിച്ചയച്ചു. താമസിയാതെ, ജോണിന്റെ നില വഷളാകുകയും കഠിനമായ ഛർദ്ദിയിലേക്കും കടുത്ത പനിയിലേക്കുമെത്തുകയും ചെയ്തു. ഉടൻ തന്നെ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
“അവന് മെനിഞ്ചൈറ്റിസ് ആണെന്നാണ് അവർ കരുതിയത്. അതിന്റെ ചില പരിശോധനകൾ നടത്തി. എന്നാൽ ഫലം നെഗറ്റീവ് ആയിരുന്നു,” പതിനെട്ടുകാരന്റെ പിതാവ് ജോൺ പ്രോക്ടർ പറഞ്ഞു.
അടുത്ത ദിവസം, അദ്ദേഹത്തിന് സ്ട്രോക്ക് പോലുള്ള ലക്ഷണങ്ങളും ന്യുമോണിയയും ആരംഭിച്ചു. ശരീരം അനക്കാൻ വയ്യാതാകുകയും സംസാരിക്കുന്നത് അവ്യക്തമാകുകയും ചെയ്തു.
തിരികെ ആശുപത്രിയിലെത്തിച്ച 18കാരനെ ഐസിയുവിൽ പ്രവേശിപ്പിച്ച് വെൻ്റിലേറ്ററിൽ കിടത്തി. നാല് വ്യത്യസ്‌ത ആശുപത്രികളിൽ ചികിത്സയ്‌ക്ക് വിധേയമാക്കിയിട്ടും, രോഗം തിരിച്ചറിയാൻ 20-ലധികം ഡോക്ടർമാർ രണ്ടാഴ്‌ചയിലേറെ സമയമെടുത്തു. കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധയായിരുന്നു ജോണിനെ ബാധിച്ചത്.
വൈറസ് ജോൺ പ്രോക്ടറിൻ്റെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കി. കൗമാരക്കാരന് ശരീരത്തിന്റെ ഇടത്തേഭാഗത്ത് ചലനശേഷി നഷ്ടപ്പെട്ടു. ചികിത്സ തുടരുകയാണെന്നും ചെറിയ പുരോഗതിയുണ്ടെന്നും പിതാവ് വ്യക്തമാക്കി.