അമേരിക്കൻ വോട്ടർമാരെ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിടുകയും 2024 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് റഷ്യക്കെതിരെ ആരോപണമുന്നയിക്കാൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യൻ സ്റ്റേറ്റ് മീഡിയ നെറ്റ്‌വർക്ക് RT ആയിരിക്കും പ്രഖ്യാപനത്തിൻ്റെ കേന്ദ്രബിന്ദുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നീതിന്യായ വകുപ്പിൻ്റെ ഇലക്ഷൻ ത്രെട്ട് ടാസ്‌ക് ഫോഴ്‌സിൻ്റെ യോഗത്തിൽ അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പരസ്യമായി പരാമർശം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് വാർത്ത പുറത്തുവന്നത്.
അദ്ദേഹത്തോടൊപ്പം എഫ്ബിഐ ഡയറക്ടർ ക്രിസ് വ്രേ, ഡെപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോ, പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റൻ്റ് അറ്റോർണി ജനറൽ നിക്കോൾ അർജൻ്റിയേരി, ദേശീയ സുരക്ഷാ വിഭാഗത്തിൻ്റെ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ മാറ്റ് ഓൾസെൻ എന്നിവരും ചേരും.
തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് മുന്നോടിയായി പ്രതികരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് വിസമ്മതിച്ചു. നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് റഷ്യ ഭീഷണിയായി തുടരുമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.