ഇറാനിയൻ പ്രസിഡൻ്റിൻ്റെ മരണത്തിന് ഉത്തരവാദി അമേരിക്ക: ബെലാറസ്

യുഎസ് ഉപരോധം കാരണം അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്റ്ററുകള്‍ സര്‍വീസ് നടത്താന്‍ ഇറാന് കഴിയാതിരുന്നത്, ഇറാന്‍ പ്രസിഡന്റിന്റെ മരണത്തിനിടയാക്കിയ മാരകമായ അപകടത്തില്‍ തീര്‍ച്ചയായും പങ്കുവഹിച്ചുവെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ എന്നിവര്‍ തിങ്കളാഴ്ച അസര്‍ബൈജാനില്‍ നിന്ന് മടങ്ങുന്ന വഴി മലനിരകളില്‍ അവരുടെ ബെല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെടുകയായിരുന്നു.

‘ഒരു വ്യക്തി എന്ന നിലയില്‍, ഒരു പ്രസിഡന്റ് എന്ന നിലയിലല്ല, അമേരിക്കയുടെ നീചവും വെറുപ്പുളവാക്കുന്നതുമായ നിലപാടാണ് ഇതിലേക്ക് നയിച്ചതെന്ന് ഞാന്‍ പറയും,” റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മിന്‍സ്‌കില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ലുകാഷെങ്കോ പറഞ്ഞു.

‘ഒന്നാമതായി, കപ്പലുകള്‍ക്കെതിരെയും വിമാനങ്ങള്‍ക്കെതിരെയും ആളുകളെ കൊണ്ടുപോകുന്ന ഹെലികോപ്റ്ററുകള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്താന്‍ ഈ നീചന്മാര്‍ക്ക് അവകാശമില്ല,”ലുകാഷെങ്കോ കൂട്ടിച്ചേര്‍ത്തു.