‘അങ്ങ് തകർത്തുകളയും’, അമേരിക്കയുടെ സ്വന്തം ‘താഡ്’ ഇസ്രയേലിനെ സഹായിക്കാനെത്തി, ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെ തീർക്കാൻ ഇനി ഈസി

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇസ്രയേലിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാൻ അമേരിക്ക രംഗത്ത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയടക്കം തടയാന്‍ കരുത്തുള്ള ‘താഡ്’ അഥവാ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (ടി എച്ച് എ എ ഡി) സംവിധാവുമായാണ് അമേരിക്ക ഇസ്രയേലിനെ സഹായിക്കാൻ എത്തിയിരിക്കുന്നത്. ഏത് തരം ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമായ ‘താഡ്’ പ്രവര്‍ത്തിപ്പിക്കാനായി ഏകദേശം 3000 ത്തിലേറെ അമേരിക്കന്‍ സൈനികരും ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ട്.

അതിനിടെ ലെബനൺ അതിർത്തിയിൽ കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിനെതിരെ വിമർശനവുമായി ബ്രിട്ടനും ചൈനയും ഇന്ത്യയുമടക്കം 40 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. സംഭവത്തെ കടുത്ത ഭാഷയിൽ 40 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അപലപിച്ചു.

യുഎൻ ദൗത്യമേഖലകളെ ലംഘിക്കാൻ പാടില്ലെന്ന തത്വം കർശനമായി പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന സേനയുടെ ദൗത്യം മേഖലയിൽ വളരെ നിർണായകമാണെന്ന് ലബനണിലെ യുഎൻ സമാധാന സേന പറഞ്ഞു. മേഖലയിൽ സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും യുഎൻ സമാധാന സേനയുടെ വാർത്താക്കുറിപ്പ് പറഞ്ഞു.