
വാഷിങ്ടൺ: ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയിലെത്തിയ ഭീമൻ യുദ്ധക്കപ്പൽ പിൻവലിച്ച് യുഎസ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ആണ് മടങ്ങിയത്. യുഎസ് നാവികസേനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പഴയ താവളത്തിലേക്കാണ് ജെറാൾഡ് ആർ. ഫോർഡ് മടങ്ങുന്നത്. ഫോർഡിനൊപ്പമുണ്ടായിരുന്ന മറ്റു കപ്പലുകളും ഇവിടെനിന്നു മാറ്റും. ഹമാസ് ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിനു സൈനികസഹായവുമായി കപ്പൽ മധ്യധരണ്യാഴിയിൽ നങ്കൂരമിട്ടത്.
4,000 സൈനികരും എട്ട് യുദ്ധവിമാനങ്ങളും അടങ്ങുന്നതായിരുന്നു കപ്പൽ. കഴിഞ്ഞ മാസം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നടത്തിയ പശ്ചിമേഷ്യൻ പര്യടനത്തിനിടെ കപ്പലും സന്ദർശിച്ചിരുന്നു.
യുഎസ്എസ് ഡൈ്വറ്റ് ഡി. ഐസനോവർ ഉൾപ്പെടെ വേറെയും യുദ്ധക്കപ്പലുകൾ ഫോർഡിനൊപ്പമുണ്ടായിരുന്നു. ചെങ്കടലിൽ ഹൂത്തി ഭീഷണി ഉയർന്നതോടെ ഈ കപ്പലുകളെ അങ്ങോട്ടേക്കു മാറ്റി. ഇസ്രായേലിലേക്കുള്ള കപ്പലുകൾ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണം ചെറുക്കാനായായിരുന്നു കപ്പലുകളെ മാറ്റിവിന്യസിച്ചത്.