വാഷിങ്ടൺ: തെക്കൻ ചെങ്കടലിന് മുകളിലൂടെ യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച 18 ഡ്രോണുകൾ വെടിവച്ചിട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. കഴിഞ്ഞ ഏഴാഴ്ചയ്ക്കിടെ അന്താരാഷ്ട്ര കപ്പൽപ്പാതകളിൽ സായുധ സംഘം നടത്തിയ 26-ാമത്തെ ആക്രമണമാണിത്.
യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള സേനയുമായി ചേർന്ന് പ്രവർത്തിച്ച് രണ്ട് ക്രൂയിസ് മിസൈലുകളും ഒരു ബാലിസ്റ്റിക് മിസൈലും വെടിവച്ചു വീഴ്ത്തിയതായി സെന്റ്കോം പറഞ്ഞു.
നവംബർ 19 ന് തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഗാലക്‌സി ലീഡർ എന്ന കപ്പലിനെ ഹൈജാക്ക് ചെയ്‌ത ശേഷം ചെങ്കടലിലെ കപ്പൽ പാതകളിൽ ഹൂതികൾ നടത്തുന്ന 26-ാമത്തെ ആക്രമണമായിരുന്നു ഇത്.
ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം ആരംഭിച്ചതെന്നാണ് വിമത സംഘത്തിന്റെ അവകാശവാദം.
ഡ്വൈറ്റ് ഡി ഐസൻഹോവർ വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള യുദ്ധവിമാനങ്ങളും യുകെയിൽ നിന്നുള്ളതുൾപ്പെടെ നാല് ഡിസ്ട്രോയറുകളും ഓപ്പറേഷനിൽ പങ്കെടുത്തതായി സെന്റർകോം അറിയിച്ചു.