വാഷിങ്ടൺ: യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ യുഎസും ബ്രിട്ടനും ആക്രമണം ആരംഭിച്ചു. കഴിഞ്ഞ വർഷം അവസാനം മുതൽ ചെങ്കടലിൽ ഇസ്രയേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലർച്ചെ യുഎസ് -യുകെ ആക്രമണം നടന്നത്. വേണമെങ്കിൽ തുടർനടപടികൾക്കും മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
“ഈ ചെറുത്തുനിൽപ്പുകൾ യുണൈറ്റഡ് സ്റ്റേറ്റ്‌സും ഞങ്ങളുടെ പങ്കാളികളും ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല അല്ലെങ്കിൽ ചലന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താൻ ശത്രുക്കളെ അനുവദിക്കില്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണ്,” ബൈഡൻ പറഞ്ഞു.
“ചരക്കു ഗതാഗത്തെ അപകടപ്പെടുത്താനുള്ള ഹൂതികളുടെ ശ്രമങ്ങൾക്ക് പ്രഹരമേല്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക സൂചനകൾ” എന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒരു ഹൂതി ഉദ്യോഗസ്ഥൻ തലസ്ഥാനമായ സനയിലും സാദ, ധമർ നഗരങ്ങളിലും ഹൊദൈദ ഗവർണറേറ്റിലും “റെയ്ഡുകൾ” നടന്നതായി സ്ഥിരീകരിച്ചു. ഈ റെയ്ഡുകളെ “അമേരിക്കൻ-സയണിസ്റ്റ്-ബ്രിട്ടീഷ് ആക്രമണം” എന്നാണ് ഹൂതികൾ വിശേഷിപ്പിച്ചത്.
അതേസമയം, യമനിൽ ബോംബാക്രമണം നടത്തിയ യുഎസിനും യുകെക്കും എതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈൻ അൽ-എസ്സി മുന്നറിയിപ്പ് നൽകി. “അമേരിക്കൻ -ബ്രിട്ടീഷ് കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ വൻ ആക്രമണത്തിന് നമ്മുടെ രാജ്യം വിധേയമായി. അവർ കനത്ത വില നൽകേണ്ടിവരും. ഈ ആക്രമണത്തിന്റെ എല്ലാ ഭയാനകമായ പ്രത്യാഘാതങ്ങളും നേരിടാൻ അവർ തയ്യാറാകേണ്ടിവരും” അദ്ദേഹം പറഞ്ഞു.