‘യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് പറയൂ’, റഷ്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയോട് യുഎസ്

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്താനും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനോട് ആവശ്യപ്പെടാനും ഇന്ത്യയോട് യു.എസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ തിങ്കളാഴ്ച ഒരു പത്രസമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍, റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച അമേരിക്ക, യുക്രെയ്‌നിലെ ‘നിയമവിരുദ്ധ യുദ്ധം’ അവസാനിപ്പിക്കാന്‍ റഷ്യന്‍പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ആവശ്യപ്പെടാനും പറഞ്ഞു.

ഇന്ത്യയ്ക്ക് റഷ്യയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനും ഈ സംഘര്‍ഷത്തിന് ശാശ്വതമായ സമാധാനം കണ്ടെത്താനും യുഎന്‍ ചാര്‍ട്ടറിനെ ബഹുമാനിക്കാനും യുക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കാനും വ്ളാഡിമിര്‍ പുടിനോട് പറയണം, എന്നും മില്ലര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയില്‍ മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയത് അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഉറ്റുനോക്കുകയും യുക്രെയ്ന്‍ വലിയ തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.