യുഎസിൽ അറസ്റ്റ് വാറൻ്റ് ; വികാഷ് യാദവിനെ കൊള്ളയടി കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോർട്ട്

ഗുര്‍പത്വന്ത് പന്നൂവിന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ എഫ്ബിഐ അറസ്റ്റ് വാറന്‌റ് പുറപ്പെടുവിച്ച മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥൻ വികാഷ് യാദവിനെ കൊള്ളയടിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി സൂചന. ഡല്‍ഹി പൊലീസിന്‌റെ സ്‌പെഷൽ സെല്‍ വികാഷ് യാദവിനെ അറസ്റ്റ് ചെയ്തിരുന്നെന്നും ഈ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയെന്നും രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച്, പ്രമുഖ ഗ്യാങ്സ്റ്റർ ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് രോഹിണി നിവാസിയായ ഒരാൾ നല്‍കിയ പരാതിയെ തുടർന്ന് 2023 ഡിസംബര്‍ 18ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വികാഷ് യാദവിനെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ മുമ്പ് ഒരു ഐടി കമ്പനി നടത്തിയിരുന്നെന്നും പശ്ചിമേഷ്യയില്‍ താമസിക്കുന്ന നിരവധി ഇന്ത്യക്കാരുമായി ബന്ധമുണ്ടെന്നും രോഹിണി നിവാസി പരാതിയില്‍ പറയുന്നുണ്ട്. ‘കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു സുഹൃത്ത് വികാഷ് യാദവിനെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് നമ്പരുകള്‍ കൈമാറി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പക്ഷേ അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ ബിസിനസിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ വിദേശത്തുള്ള എന്‌റെ സുഹൃത്തുക്കളെക്കുറിച്ച് അറിയാന്‍ അദ്ദേഹം എപ്പോഴും ആകാംക്ഷ പ്രകടിപ്പിക്കുകയും അവരുമായുള്ള പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു’- പരാതിക്കാരൻ പറയുന്നു.

പരാതിക്കാരനെ വികാഷ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വികാഷ് യാദവും കൂട്ടാളുകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്.

പന്നൂവിന്‌റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൊലപാതകത്തിനായി ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മൂന്നു കുറ്റങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് വികാഷിനെതിരെ ചുമത്തിയിട്ടുണ്ട്.

നിഖില്‍ ഗുപ്തയെന്ന മറ്റൊരു ഇന്ത്യന്‍ പൗരന്‍ മുഖേന പന്നുവിനെ വധിക്കാന്‍ വികാഷ് യാദവ് പദ്ധതിയിട്ടുവെന്നാണ് ആരോപണം.

US wanted RAW Agent Vikash Yadav was Arrested in Delhi in a robbery case

More Stories from this section

family-dental
witywide