“ഇറാനെതിരെ യുഎസ് ഉപരോധമുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്”: ഇന്ത്യ- ഇറാൻ ഛാബഹാർ തുറമുഖ കരാറിൽ ഭീഷണി മുഴക്കി യുഎസ്

ഇറാൻ്റെ ഛാബഹാർ തുറമുഖം പ്രവർത്തിപ്പിക്കുന്നതിനുള്ള 10 വർഷത്തെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ, ടെഹ്‌റാനെതിരെയുള്ള ഉപരോധം നിലനിൽക്കുമെന്നും അവരുമായി ബിസിനസ്സ് ഇടപാടുകൾ പരിഗണിക്കുന്നവർ നിലനിൽക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ഇറാനുമായി വ്യാപാരബന്ധം ആലോചിക്കുന്ന ആർക്കും അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മധ്യേഷ്യയുമായുള്ള വ്യാപാരം വിപുലീകരിക്കുന്നതിനായി ഛാബഹാർ ഷാഹിദ്- ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന് കൈമാറാനുള്ള കരാറിൽ ഇന്നലെ ഇന്ത്യയും ഇറാനും ഒപ്പുവച്ചിരുന്നു.

. “ഇറാനും ഇന്ത്യയും ഛാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു. ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് സ്വന്തം വിദേശ നയ ലക്ഷ്യങ്ങളെക്കുറിച്ചും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇറാനെതിരായ യുഎസ് ഉപരോധം നിലനിൽക്കുന്നുണ്ട്, ഞങ്ങൾ അതു തുടരുകയും ചെയ്യും. ഇറാനുമായുള്ള ബിസിനസ്സ് ഇടപാടുകൾ പരിഗണിക്കുന്ന ആരും, അവർ സ്വയം വരുത്തിവയ്ക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഉപരോധത്തിൻ്റെ സാധ്യതയെക്കുറിച്ചും ബോധവാന്മാരായിരിക്കണം”. ഇറാനുമായുള്ള ഇന്ത്യയുടെ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

ചരക്കു ഗതാഗതത്തിൽ മേൽക്കൈ നേടുന്നതോടൊപ്പം പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിനും ചൈനയുടെ വാണിജ്യ – ചരക്ക് ഇടനാഴിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനും ഇതു ബദലാകുമെന്ന് ഇന്ത്യ കരുതുന്നു.

ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ എന്ന റോഡ്, റെയിൽ പദ്ധതി ഉപയോഗിച്ച് ഒമാൻ ഉൾക്കടലിലെ തുറമുഖം വഴി ഇന്ത്യൻ ചരക്കുകൾക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്തിച്ചേരാനാകും. 2003-ൽ ഇന്ത്യ ആദ്യമായി ഈ പദ്ധതി മുന്നോട്ടുവച്ചിരുന്നു, എന്നാൽ ആണവ പദ്ധതിയെന്ന് സംശയിക്കുന്നതിൻ്റെ പേരിൽ ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖത്തിൻ്റെ വികസനം മന്ദഗതിയിലാക്കി.

US Warns Against India – Iran chabahar port pact