ഇറാനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവുമായി യുഎസ്; യാത്രവിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നത് തടയാനുള്ള ശ്രമങ്ങൾക്കിടയിലും ഇസ്രായേലിനെതിരായ ഇറാൻ്റെ ആക്രമണ ഭീഷണിയെ കരുതലോടെ കാണണമെന്ന് യുഎസ്. യുഎസ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങൾ ഇറാനുമായി ചർച്ച തുടരുകയാണ്.

തുര്‍ക്കി, ചൈന, സൗദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ യു.എസ് ശ്രമം തുടരുന്നു. അതിനിടെ, ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ, ബ്രിട്ടന്‍, ഫ്രാന്‍സടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കി.

ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ടെൽ അവീവ്, ജറുസലേം, ബീര്‍ഷെബ നഗരങ്ങള്‍ക്ക് പുറത്തുപോകരുതെന്ന് അമേരിക്ക ഉത്തരവിറക്കി. ഇറാന്‍, ലബനാന്‍, പലസ്തീന്‍ എന്നിവിടങ്ങളിലേക്കും പുറപ്പെടരുതെന്ന് ഫ്രാന്‍സ് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഇറാനിലേക്ക് പോകരുതെന്ന് ഇന്ത്യയും മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മുതല്‍ 48 മണിക്കൂറിനകം ഇറാന്‍ ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നത്.