വാഷിംഗ്ടണ്‍: ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനെതിരായ ഇസ്രായേല്‍ പ്രത്യാക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിച്ചതിനു പിന്നാലെ നടത്തിയ ഒരു കോളിനിടെയാണ് ബൈഡന്‍ നെതന്യാഹുവിനോട് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കോളിനിടെ, ഇറാനെതിരായ ഒരു ആക്രമണ പ്രവര്‍ത്തനങ്ങളിലും യുഎസ് പങ്കെടുക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും ബൈഡന്‍ പറഞ്ഞതായാണ് വിവരം. അതേസമയം, ഇറാന്റെ ആക്രമണങ്ങളില്‍ നിന്നും ഇസ്രയേലിനെ സംരക്ഷിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക ഒപ്പമുണ്ട്.
യുഎസും ഇസ്രായേലും മേഖലയിലെ മറ്റ് രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രതിരോധ ശ്രമങ്ങളാണ് ഇറാന്റെ ആക്രമണം പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന് ബൈഡന്‍ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നെതന്യാഹുവുമായുള്ള തന്റെ കോളിന് ശേഷം നടത്തിയ ഒരു ഔദ്യോഗിക പ്രസ്താവനയില്‍, ഇറാനും യെമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരും ആരംഭിച്ച ആക്രമണങ്ങളെ ഏറ്റവും ശക്തമായി അപലപിക്കുന്നതായി ബൈഡന്‍ പറഞ്ഞു.