അനുമതിയില്ലാതെ തനിക്ക് ജന്മം നൽകി; മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്തെന്ന് യുഎസ് വനിത

ന്യൂജഴ്സി: തൻ്റെ സമ്മതമില്ലാതെ തന്നെ പ്രസവിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസുകൊടുത്തതായി അവകാശപ്പെട്ട് യുഎസിലെ ന്യൂജഴ്സി സ്വദേശിയായ വനിത. ഇൻഡിപെൻഡൻ്റ്സ് ഇൻഡിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഞാൻ ഇവിടെ ജനിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നുണ്ടോ എന്നറിയാൻ ജനിക്കുന്നതിനുമുമ്പ് അവർ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല.” കാസ് തിയാസ് എന്ന സ്ത്രീ ട്വിറ്ററിൽ പറഞ്ഞു. ഇതൊരു തമാശയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി തനിക്ക് ജന്മം തന്നെ മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്തെങ്കിലും, തനിക്ക് സ്വന്തമായി കുട്ടികൾ ഉള്ളതിന്റെ കാരണവും മിസ് തിയാസ് ഒരു വീഡിയോയിൽ വിശദീകരിച്ചു. തൻ്റെ കുട്ടികളെ ദത്തെടുത്തതാണെന്നും അതുകൊണ്ടു തന്നെ അവരുടെ സമ്മതമില്ലാതെ അവരെ ഗർഭം ധരിച്ചു എന്ന് തനിക്കെതിരെ ആക്ഷേപമുന്നയിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. “അവർ ഇവിടെ വന്നത് എൻ്റെ തെറ്റല്ല. നിങ്ങൾ ഗർഭിണിയാണെങ്കിൽ, ഒരു സൈക്കിക് മീഡിയത്തെ ചുമതലപ്പെടുത്തുകയും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഇവിടെ ജനിക്കാനും ജീവിക്കാനും താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും വേണം.

ഇവിടെ ജനിക്കാൻ താൻ അനുവാദം നൽകിയിട്ടില്ലെന്നും ഇവിടെ വളരുകയും ജീവിക്കാനായി ജോലി ചെയ്യുകയും ചെയ്യുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അവർ പറയുന്നു.

ഇവർക്കെതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. അതേസമയം ഇതൊരു തമാശയോ ആക്ഷേപഹാസ്യമോ ആണെന്ന് മനസിലാക്കാതെയാണ് പലരും കമന്റ് ചെയ്യുന്നത് എന്ന് മറ്റൊരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു.