
ഇന്ത്യയിലേക്കും കേരളത്തിലേക്കുമായി വിവിധ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ എത്താറുണ്ട്. 2017ൽ ഇന്ത്യയിലേക്ക് വരുമ്പോൾ അമേരിക്കൻ പൗരയായ ക്രിസ്റ്റൻ ഫിഷറും ഭർത്താവും വിനോദ സഞ്ചാരികൾ മാത്രമായിരുന്നു. രാജ്യത്തെ വിവിധ ഇടങ്ങൾ സന്ദർശിച്ച് മടങ്ങിയ അവർ രണ്ട് വർഷം മുമ്പ് വീണ്ടും ഇന്ത്യയിൽ എത്തി. ഡൽഹിയിൽ സ്ഥിരതാമസം ആരംഭിച്ചു. ഇന്ത്യ വിട്ട് എത്രയോ പേർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ, എന്തിനാണ് അമേരിക്ക വിട്ട് ഇന്ത്യയിലെത്തിയതെന്ന ചോദ്യങ്ങൾക്ക് ഹൃദയം കവരുന്ന മറുപടിയാണ് ക്രിസ്റ്റൻ ഫിഷർ നൽകുന്നത്.
”എന്തിനാണ് അമേരിക്ക വിട്ട് ഇന്ത്യയിലേക്കു വന്നത് എന്ന ചോദ്യം ഞാൻ നിരന്തരം കേൾക്കുന്നതാണ്. ഇന്ന് ഞാൻ അതിന് മറുപടി നൽകാമെന്ന് വിചാരിക്കുന്നു. ഇന്ത്യ വിട്ട് അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പോകണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ആഗ്രഹം അതല്ല. ഞാൻ ഇന്ത്യ വിടാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നെ ആരും തെറ്റിദ്ധരിക്കരുത്. അമേരിക്കയും എനിക്ക് ഇഷ്ടമാണ്. എന്നെ വളർത്തിയത് അമേരിക്കയാണ്. എന്റെ കുടുംബം അവിടെയുണ്ട്. അമേരിക്ക നല്ല സ്ഥലമാണ്. എന്നാൽ ഞാൻ ഒരിക്കലും അതൊരു മികച്ച സ്ഥലമാണെന്ന് പറയില്ല. അമേരിക്കയിലും ധാരാളം പ്രശ്‌നങ്ങളുണ്ട്.”
അമേരിക്കയിലെ ആളുകൾ തിരക്കിട്ട് ജീവിക്കുന്നു. അവിടെ പരസ്പര സഹകരണമില്ല. മനുഷ്യർ സാമൂഹിക ജീവികളാണെന്ന തിരിച്ചറിവില്ല. സ്വാർത്ഥ ചിന്താഗതികളാണ് അമേരിക്കയിൽ കൂടുതലായും കാണാൻ സാധിച്ചത്. എന്നാൽ ഇന്ത്യ ഇതിൽ നിന്നും എത്രയോ വിഭിന്നമാണ്. ഇവിടെ പണത്തെക്കാൾ മൂല്യം ജീവിതത്തിനും സ്‌നേഹത്തിനും നൽകുന്നു. വ്യത്യസ്ത ആളുകൾ, വ്യത്യസ്ത സംസ്‌കാരങ്ങൾ എങ്കിലും എല്ലാവരും പരസ്പരം സഹായിച്ചും സഹവർത്തിത്വത്തോടെയും ജീവിക്കുന്നു. ഇന്ത്യയിൽ നിങ്ങൾ ഒരിക്കലും ഒറ്റപ്പെടില്ല. എവിടെ പോയാലും നിങ്ങൾക്ക് മുന്നിൽ സഹായഹസ്തങ്ങൾ വരും,” ക്രിസ്റ്റൻ പറയുന്നു.
പണം സമ്പാദിക്കൽ മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് അമേരിക്കയിൽ ജീവിക്കാം. എന്നാൽ ജീവിതത്തിൽ സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു യോജിച്ച സ്ഥലം ഇന്ത്യയാണെന്നാണ് ക്രിസ്റ്റന്റെ പക്ഷം. തന്റെ മക്കൾ പരസ്പര സഹകരണത്തോടെ വളരണമെന്നും ഇന്ത്യയിൽ അവർക്കായി മികച്ച ഭാവി കാത്തിരിപ്പുണ്ടെന്നും ക്രിസ്റ്റൻ ഫിഷർ പറഞ്ഞു.