
ന്യൂയോർക്ക്: അഞ്ചുവർഷം മുമ്പ് നടന്ന അപകടത്തിൽ കോമയിലായ യുവതിക്ക് അത്ഭുതകരമായ തിരിച്ചുവരവ്. ജെന്നിഫർ ഫ്ല്യുവെലൻ ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അമ്മയുടെ തമാശക്ക് മറുപടിയായി ചിരിച്ചുകൊണ്ടാണ് ജെന്നിഫർ ജീവിതത്തിലേക്ക് വീണ്ടും കടന്നുവന്നത്. 2022 ആഗസ്റ്റ് 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
അഞ്ചുവർഷമായി അനക്കമൊന്നുമില്ലാത്ത മകളുടെ ചിരികേട്ടപ്പോൾ ആദ്യം ഭയന്നുപോയെന്നാണ് ജെന്നിഫറിന്റെ അമ്മ പ്രതികരിച്ചത്.
“അവളിൽ നിന്ന് അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. എന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. അവൾ എന്നെങ്കിലും എഴുന്നേറ്റ് വരണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന. അതിനായി എന്നും ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു,” പെഗ്ഗി പറയുന്നു.
“അഞ്ചുവർഷമായി കോമയിലായ ജെന്നിഫർ തന്റെ സംസാരശേഷി വീണ്ടെടുക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റുവെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മുമ്പ് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേ വീഴാൻ പോകുമായിരുന്നു. അതിനൊക്കെ മാറ്റം വന്നു,” വൈദ്യശാസ്ത്രത്തിൽ അപൂർവമാണിങ്ങനെ സംഭവിക്കുന്നതെന്ന് ജെന്നിഫറിനെ ചികിത്സിക്കുന്ന ഡോ. റാൽഫ് വാങ് പറഞ്ഞു.