കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിൽ യുഎസിന് വിജയത്തുടക്കം. ഗ്രൂപ്പ് സി മൽസരത്തിൽ ആതിഥേയരായ യുഎസ് ബൊളീവിയയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ടെക്സാസ് ആർലിങ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 3.30നു നടന്ന മൽസരത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകളും പിറന്നു. യുഎസ് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ചാണ് വിജയ ശിൽപി. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ പുലിസിച്ച് ആദ്യ ഗോൾ നേടി. 44-ാം മിനിറ്റിൽ യു.എസ് ലീഡ് ഇരട്ടിയാക്കി.
പാതിവഴിക്ക് അടുത്ത് പന്ത് കൈക്കലാക്കി, പുലിസിച്ച് ബൊളീവിയ പെനാൽറ്റി ഏരിയയിലേക്ക് വേഗത്തിലെത്തിച്ച് പന്ത് ബലോഗെന് നൽകി. ബോട്ടം കോർണറിലേക്ക് ഒരു ലോ ഷോട്ട്. ബൊളീവിയൻ ഗോളി ഗിയർമോ വിസ്കാരയ്ക്ക് തടയാൻ സാധിക്കും മുൻപേ പന്ത് വലകുലുക്കി.
രണ്ട് വർഷത്തിനുള്ളിൽ ലോകകപ്പ് സെമിഫൈനലിന് ആതിഥേയത്വം വഹിക്കുന്ന 80,000 സീറ്റുകളുള്ള എടി ആൻഡ് ടി സ്റ്റേഡിയത്തിൽ 47,873 കാണികൾ യുഎസിൻ്റെ വിജയം ആഘോഷിച്ചു. കനത്ത ചൂടിനെ വകവയക്കാതെയാണ് ജനകൂട്ടം കളികാണാൻ എത്തിയത്. 36 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ സ്റ്റേഡിയത്തിന് പുറത്തെ ചൂട്. പക്ഷേ സ്റ്റേഡിയത്തിന് അകത്ത് എയർ കണ്ടീഷൻ ചെയ്‌തിരുന്നു.
യുഎസ് വ്യാഴാഴ്ച അറ്റ്ലാൻ്റയിൽ പനാമയുമായി കളിക്കും. ജൂലൈ 1-ന് മിസോറിയിലെ കൻസാസ് സിറ്റിയിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് അടുത്ത മൽസരം . ബൊളീവിയ വ്യാഴാഴ്ച ഉറുഗ്വേയെ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിൽ നേരിടും, തുടർന്ന് ജൂലൈ 1 ന് ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വെച്ച് പനാമയുമായി ഏറ്റുമുട്ടും. അതോടെ ഗ്രൂപ്പ് സി മൽസരം അവസാനിക്കും.
US won Against Bolivia in COPA America Football