എല്ലാം മറക്കാൻ അമേരിക്ക! സിറിയൻ ഭരണം പിടിച്ചെടുത്ത ജുലാനിയുടെ എച്ച്‌ടിഎസിനെ ഭീകരപട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം; സർക്കാർ രൂപീകരണം വൈകില്ല

ദമാസ്കസ്: സിറിയയിൽ അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഭീകര സംഘടനയായ ഹയാത്‌ തഹ്‌രീർ അൽഷാമു (എച്ച്‌ ടി എസ്‌) വിന് കൽപ്പിച്ചിരുന്ന വിലക്ക് പിൻവലിച്ച് കൈകോർക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ പണ്ട് അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ്‌ എച്ച്‌ ടി എസ്‌. എന്നാൽ പുതിയ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ കൂടുതൽ ഇടപെടൽ നടത്താൻ എച്ച്‌ ടി എസുമായുള്ള ബന്ധത്തിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.

ഈ സാഹചര്യത്തിലാണ് എച്ച്‌ ടി എസിനെ ഭീകര പട്ടികയിൽ നിന്നും ഒഴിവാക്കാൻ അമേരിക്ക ആലോചിക്കുന്നത്‌. എച്ച്‌ ടി എസിന്റെ നേതാവ്‌ അബു മൊഹമ്മദ്‌ അൽ ജുലാനി ഇറാഖിൽ അൽ ഖ്വയ്ദക്കുവേണ്ടി പ്രവർത്തിച്ചതും ജുലാനിയുടെ തലക്ക്‌ പത്തുകോടി ഡോളർ വിലയിട്ടതും തത്‌കാലം മറക്കാനാണ്‌ അമേരിക്കയുടെ തീരുമാനം. എച്ച്‌ ടി എസുമായി ചർച്ചനടത്താൻ അമേരിക്കയ്‌ക്ക്‌ നിരവധി വഴികളുണ്ടെന്ന് യു എസ്‌ വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞത് തന്നെ ഇതിനുള്ള ഉദാഹരണമായാണ് ലോകം ചൂണ്ടികാട്ടുന്നത്.

അതേസമയം സിറിയയിൽ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാനുള്ള നീക്കം വിമതരും ശക്തമാക്കിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി, മുഹമ്മദ് അൽ ബഷീർ വിവിധ നേതാക്കളുമായി സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി. എന്തായാലും ജുലാനി അധികം വൈകാതെ തന്നെ സിറിയയുടെ പ്രസിഡന്‍റായി സ്ഥാനമേൽക്കാനാണ് സാധ്യത.

More Stories from this section

family-dental
witywide