ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ നെയ്യിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് വിവാദമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേത്രഭരണ സമിതിയുടെ കീഴിലുള്ള 34,000 ക്ഷേത്രങ്ങളിലും നന്ദിനി ബ്രാൻഡ് നെയ്യ് നിർബന്ധമാക്കി കർണാടക സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി.
കർണാടക സർക്കാരിൻ്റെ പുതിയ നിർദ്ദേശം പ്രകാരം എല്ലാ ക്ഷേത്രങ്ങളിലും വിളക്ക് തെളിയിക്കൽ, പ്രസാദം തയ്യാറാക്കൽ എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്രാചാരങ്ങൾക്ക് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നിർമ്മിക്കുന്ന നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ. പ്രസാദത്തിൻ്റെ ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്ചയില്ലെന്ന് ക്ഷേത്ര ജീവനക്കാർ ഉറപ്പാക്കണമെന്ന് ഔദ്യോഗിക സർക്കുലറിൽ ഊന്നിപ്പറയുന്നു.
“കർണ്ണാടക സംസ്ഥാനത്തെ മതകാര്യ എൻഡോവ്‌മെൻ്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലും, സേവനങ്ങൾക്കും വിളക്കുകൾക്കും എല്ലാത്തരം പ്രസാദങ്ങൾ തയ്യാറാക്കുന്നതിനും നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുണനിലവാരം നിലനിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്,” സർക്കുലറിൽ പറയുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയന്ത്രിക്കുന്ന തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ലഡ്ഡൂ തയ്യാറാക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം സംബന്ധിച്ച വലിയ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. ഈയാഴ്ച ആദ്യം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചതോടെയാണ് ആദ്യം വിവാദം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് പരിശോധിച്ച സാമ്പിളുകളിൽ പന്നിക്കൊഴുപ്പും മറ്റ് മൃഗങ്ങളുടെ കൊഴുപ്പും ഉണ്ടെന്ന് കണ്ടെത്തി.