ഉത്തരാഖണ്ഡ് വാഹനാപകടം : മരണ സംഖ്യ 14 ലേക്ക്, ചിലരുടെ നില ഗുരുതരം; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 14 ലേക്ക്. 10 പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് ഉത്തരാഖണ്ഡ് എസ്ഡിആര്‍എഫ് കമാന്‍ഡന്റ് മണികാന്ത് മിശ്ര പറഞ്ഞു.

ശനിയാഴ്ച ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. 26പേരാണ് ബസിലുണ്ടായത്. അളകനന്ദ നദിയ്ക്ക് സമീപത്തേക്കാണ് വാഹനം വീണത്.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് മണികാന്ത് മിശ്ര പറഞ്ഞു. 150-200 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. ചോപ്ത സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ഡല്‍ഹി സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടിട്ടുണ്ട്.

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ഹൃദയഭേദകമാണെന്ന് കുറിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍, പ്രാദേശിക ഭരണകൂടം ഇരകള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മോദി എക്സില്‍ എഴുതി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide