ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ഇനി നിയമം; രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഏകീകൃത സിവില്‍ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇനി ഈ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷൻ സംസ്ഥാനം പുറത്തിറക്കും. 

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുട‍‍ർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏകീകൃത സിവിൽ ​കോഡ്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഫെബ്രുവരി ആറിന് നിയമസഭ പാസാക്കിയ ബില്ലിന്, ഉത്തരാഖണ്ഡ‍് ​ഗവർണർ ലെഫ്. ജനറൽ ​ഗുർമീത് സിങ് ഫെബ്രുവരി 28ന് അം​ഗീകാരം നൽകി. തുട‍ർന്ന് ബിൽ പ്രസിഡന്റിന്റെ അം​ഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ യുസിസി നിയമമാകാൻ രാഷ്ട്രപതിയുടെ അം​ഗീകാരം ആവശ്യമാണ്.

More Stories from this section

family-dental
witywide