ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യൂണിവേഴ്സിറ്റികളിലെ മുഴുവന്‍ നിയമവിരുദ്ധ ഏര്‍പ്പാടുകളും സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് നടത്തിയതാണെന്നും വിഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമ്പോള്‍ ഗവണറും സര്‍ക്കാരും ഇടയും. മുഖ്യമന്ത്രിയും ഗവര്‍ണറും കണ്ടാല്‍ സംസാരിക്കില്ല. ഒരാള്‍ തിരിഞ്ഞു നില്‍ക്കും. എല്‍പി സ്‌കൂളിലെ കുട്ടികളല്ലേ. ആളുകള്‍ ചിരിക്കുകയാണ് ഇത് കണ്ടിട്ട് എന്നും വിഡി സതീശന്‍ പരിഹസിച്ചു.
ഇതൊക്കെ ആരെ കാണിക്കാന്‍ വേണ്ടിയാണ്. ഇതാണോ രാഷ്ട്രീയം എന്നും വി ഡി സതീശന്‍ ചോദിച്ചു. ഇരുകൂട്ടരും കൂടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുറേ പേര്‍ക്ക് ഞങ്ങള്‍ ഗവര്‍ണറുടെ കൂടെ കൂടാത്തതിന്റെ വിഷമമാണ്. ചിലര്‍ക്ക് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ തീരുമാനം എടുത്ത് സര്‍ക്കാരിനൊപ്പം ചേരാത്തതിന്റെ വിഷമമായിരുന്നു. ഇവിടെ രണ്ട് കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. കോണ്‍ഗ്രസ് നിലപാട് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന സമയമാണിതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.