
മലപ്പുറം: ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് വണ്ടിപ്പെരിയാറില്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇരയുടെ കുടുംബത്തെ ആക്രമിച്ചിട്ട് പൊലീസ് നോക്കിനിന്നു. പൊലീസിന്റേത് ഗൂഢാലോചനയെന്നും വി ഡി സതീശന്‍ ആരോപിച്ചു.
ഉന്നാവോ സംഭവം പോലെയാണ് വണ്ടിപ്പെരിയാറില്‍ ഉണ്ടായത്. പ്രതിയുടെ കുടുംബം ഭീഷണിപെടുത്തുന്നതായി നേരത്തെ പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തി. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പോലും നടക്കാത്ത കാര്യങ്ങള്‍ ആണിത്. തല കുനിച്ചു നില്‍ക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വണ്ടിപ്പെരിയാര്‍ ടൗണില്‍വെച്ചാണ് കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റത്. കേസില്‍ വിചാരണക്കോടതി വെറുതെവിട്ട അര്‍ജുന്റെ ബന്ധു പാല്‍രാജാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തച്ഛനും സംഘര്‍ഷത്തില്‍ നേരിയ പരുക്കുണ്ട്. വണ്ടിപ്പെരിയാര്‍ പട്ടണത്തിലെ പശുമലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.