തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലങ്ങിയില്ലല്ലോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി വി. മുരളീധരന്‍ രംഗത്ത്. പ്രശ്‌നത്തെ നിസ്സാരവത്കരിക്കരുതെന്നും പ്രസംഗം എഴുതി നല്‍കുന്നവര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചതെന്നും സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും പറഞ്ഞ മുരളീധരന്‍ തൃശൂര്‍ പൂരം പിടിച്ചെടുക്കാന്‍ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ടെന്നും അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായാണ് എസ്പി നടത്തിയ നിയന്ത്രണങ്ങളെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു വശത്ത് പൂരം കലങ്ങിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. മറുവശത്ത് എഫ്‌ഐആര്‍ ഇടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ആളുകളെ പറ്റിക്കുന്ന സമീപനമാണിത്. വസ്തുതാപരമായ വിവരങ്ങള്‍ പുറത്ത് വരണം. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആളുകളെ പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി അവസാനിപ്പിക്കണം. പൂരം കലക്കിയത് സിപിഎമ്മിന്റെ വ്യാവസായിക താല്പര്യമാണെന്നും തടസ്സപ്പെടുത്തിയത് ദേവസ്വങ്ങള്‍ അല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.