‘എന്നോട് മഹാരാഷ്ട്രയിലെ കാര്യങ്ങൾ ചോദിക്കൂ, കേരളത്തിലെ കാര്യങ്ങൾ സുരേന്ദ്രനോട് ചോദിക്കൂ’, ഒഴിഞ്ഞുമാറി മുരളിയുടെ മറുപടി

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ്. അവിടെ തെരഞ്ഞെടുപ്പ് നടന്ന 20-ാം തീയതി വരെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഇവിടെ എന്തൊക്കെ പ്ലാന്‍ ചെയ്തു, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലായില്ല എതൊന്നും അറിയില്ല. അതൊക്കെ പാര്‍ട്ടി വിലയിരുത്തും. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഇന്നലെ പറഞ്ഞതിനും അപ്പുറം എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും അദ്ദേഹം പറയും.

പ്രധാനപ്പെട്ട നേതാവായ താങ്കള്‍ ഒഴിഞ്ഞുമാറുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, പ്രധാനപ്പെട്ട നേതാവ് ആയതുകൊണ്ടാണല്ലോ പാര്‍ട്ടി, തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതെന്ന് വി മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് മഹാരാഷ്ട്രയെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide