‘ഈ പള്ളികളിൽനിന്ന് ഒഴിഞ്ഞില്ലെങ്കിൽ എത്രപേർ കൊല്ലപ്പെടുമെന്ന് പറയാനാവില്ല’; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

ബെളഗാവി: പൊളിച്ചുമാറ്റിയ ക്ഷേത്രഭൂമിയിൽ പണിത പള്ളികൾ ഒഴിയാൻ മുസ്ലീങ്ങളോട് ആവശ്യപ്പെട്ട കർണാടക മുൻ മന്ത്രിയും മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ കെഎസ് ഈശ്വരപ്പ. സ്വയം ഒഴിഞ്ഞു പോയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മഥുര ഉൾപ്പെടെ രണ്ട് സ്ഥലങ്ങൾ കൂടി പരിഗണനയിലുണ്ട്, കോടതി വിധി വന്നാൽ ഇന്നോ നാളെയോ ക്ഷേത്ര നിർമാണവുമായി മുന്നോട്ട് പോകുമെന്നും ബെളഗാവിയിൽ നടന്ന ഹിന്ദു പ്രവർത്തക കൺവെൻഷനിൽ ഈശ്വരപ്പ പറഞ്ഞു.

“പള്ളികൾ നിർമ്മിച്ച പ്രദേശങ്ങളിൽ, നിങ്ങൾ (മുസ്ലിംകൾ) സ്വമേധയാ ഒഴിഞ്ഞാൽ അത് ഗുണം ചെയ്യും. അല്ലാത്തപക്ഷം, എത്രപേർ കൊല്ലപ്പെടും, എന്തെല്ലാം സംഭവിക്കും എന്ന് ഞങ്ങൾക്ക് അറിയില്ല,” മുൻ മന്ത്രി കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ബിജെപി നേതാവ് ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ, ‘ക്ഷേത്രങ്ങൾ നശിപ്പിച്ച് നിർമിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനിൽക്കില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു,’ എന്ന ഈശ്വരപ്പയുടെ പരാമർശം വിവാദമായിരുന്നു.

“ജനുവരി 22 ന് ലോകം മുഴുവൻ അയോധ്യയിലേക്ക് ഉറ്റുനോക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കാര്യത്തിലെ കോടതി നടപടികൾ ഹിന്ദുക്കൾക്ക് അനുകൂലമാണ്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സർവേ നടത്താനുള്ള ഉത്തരവ് ലഭിച്ചു. എല്ലാം ഒന്നൊന്നായി നടക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ഈശ്വരപ്പ പറഞ്ഞതും വിവാദമായിരുന്നു.

More Stories from this section

family-dental
witywide